കാസര്‍കോട്: വടക്കന്‍ കേരളത്തിന്റെ തലവര തന്നെ മാറുന്ന അവസ്ഥയാണ് മുന്നിലുള്ളതെന്നു പ്രാഥമിക പഠനങ്ങള്‍ സൂചന നല്‍കുന്നു. ആയിരക്കണക്കിന് കോടികള്‍ മൂല്യം മതിക്കാവുന്ന ധാതു ശേഖരമാണ് കാസര്‍കോട് ജില്ലയിലെ തിരഞ്ഞെടുത്ത പ്രദേശങ്ങളിലുള്ളതെന്ന സൂചനയാണ് പ്രാഥമിക പഠനങ്ങള്‍ നല്‍കുന്നത്. ബദിയടുക്ക, എന്‍മകജെ, കാറഡുക്ക വില്ലേജുകളില്‍ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പ്രാഥമകി പഠനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ വന്‍തോതിലുള്ള ബോക്‌സൈറ്റ് നിക്ഷേപമാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിനു പുറമെ മറ്റ് ഏതാനും ധാതുക്കളുടെയും സാധ്യത തെളിയുന്നു. പഠനത്തിന്റെ റിപ്പോര്‍ട്ട് കേന്ദ്ര ഗവണ്‍മെന്റിനു കൈമാറി. ഇതിന്റെ അടിസ്ഥാനത്തില്‍ ഖനനത്തിന് വൈകാതെ അനുമതി ലഭിക്കുമെന്നാണ് പറയുന്നത്. നിലവില്‍ 150 ഹെക്ടര്‍ സ്ഥലത്ത് ഖനനം നടത്തുന്നതിനാണ് ശുപാര്‍ശ.
ഖനനത്തിനായി വന്‍കിട കമ്പനികള്‍ കാസര്‍കോട് എത്തിയേക്കും. ഇതിനായുള്ള ലേലനടപടികള്‍ ആരംഭിക്കാന്‍ എസ്ബിഐയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. അലൂമിനിയത്തിന്റെ അയിരാണ് ബോക്‌സൈറ്റ്. ഇന്ത്യയില്‍ നിലവില്‍ ഒഡിഷ, ഛത്തീസ്ഗഡ്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് വന്‍തോതില്‍ ബോക്‌സൈറ്റ് ശേഖരമുള്ളത്. ഇതിനൊപ്പം വരുന്ന ബോക്‌സൈറ്റ് ശേഖരമാണ് കാസര്‍കോട് ജില്ലയിലും കണ്ടെത്തിയിരിക്കുന്നത്.
നിലവില്‍ ബോക്‌സൈറ്റ് നിക്ഷേപം കണ്ടെത്തിയിരിക്കുന്ന സ്ഥലങ്ങളില്‍ നല്ലൊരു പങ്കും സര്‍ക്കാരിന്റെ കൈവശമുള്ള വനമേഖലയോടു ചേര്‍ന്നാണ്. എന്നാല്‍ കുറേ സ്വകാര്യ ഭൂമിയിലും നിക്ഷേപമുള്ളതായി കണ്ടിട്ടുണ്ട്. വ്യാവസായികാടിസ്ഥാനത്തില്‍ ഖനനം ആരംഭിക്കണമെങ്കില്‍ അതിനു മുമ്പായി ഭൂമി ഏറ്റെടുക്കേണ്ടതായി വരും. സ്ഥലം വിട്ടു നല്‍കുന്നവര്‍ക്ക് വലിയ തോതിലുള്ള പ്രതിഫലം ലഭിക്കുകയും ചെയ്യും. പാട്ടത്തിനായതിനാല്‍ ഭൂമിയുടെ ഉടമസ്ഥാവകാശം നഷ്ടപ്പെടുകയുമില്ല.

