തീക്കാറ്റുമായി 2050 വരുന്നുണ്ട്, നേരിടാന്‍ വേണം എടുത്താല്‍ പൊങ്ങാത്തത്ര ചെലവ്

സിഡ്‌നി: പുനരുപയോഗക്ഷമമായ ഊര്‍ജത്തിന്റെ കാര്യത്തില്‍ പ്രഖ്യാപിച്ച കര്‍മപദ്ധതി നടപ്പാക്കാന്‍ വൈകിയാല്‍ 2050ല്‍ ഓസ്്‌ട്രേലിയയെ കാത്തിരിക്കുന്നത് കഠിനയാതനകളുടെ കാലമായിരിക്കുമെന്ന് കാലാവസ്ഥാ മാറ്റം സംബന്ധിച്ചുള്ള ആല്‍ബനീസി ഗവണ്‍മെന്റിന്റെ പുതിയ റിപ്പോര്‍ട്ട് പറയുന്നു. ഇന്നോളം കണ്ടിട്ടില്ലാത്ത തരം തീക്കാറ്റുകളായിരിക്കും വീശുക. നിത്യേനയെന്നോണം വെള്ളപ്പൊക്കങ്ങളുണ്ടാകാം. കൃഷിക്കുണ്ടാകുന്ന നാശവും അതിഭീമമായിരിക്കും. റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ദേശീയ കാലാവസ്ഥാവെല്ലുവിളി അവലോകന റിപ്പോര്‍ട്ട് ഇന്നലെയാണ് ഗവണ്‍മെന്റ് പുറത്തു വിട്ടത്.
നിലവിലുള്ള ചൂടിനെക്കാള്‍ മൂന്നു ഡിഗ്രി സെല്‍ഷ്യസ് അധികരിച്ച ചൂടായിരിക്കും ഇരുപത്തഞ്ചു വര്‍ഷത്തിനു ശേഷം ഉണ്ടാകാന്‍ പോകുക. ഇതുവഴി ജനങ്ങള്‍ക്കും അവരുടെ വസ്തുവകകള്‍ക്കും വരുന്ന നാശം അവസാനം സാമ്പത്തിക വ്യവസ്ഥയെ തന്നെ ബാധിക്കുന്ന അവസ്ഥയുണ്ടാകുമെന്നും റിപ്പോര്‍ട്ട പറയുന്നു. എന്നാല്‍ 2035 ഓടെ ഹാനികരമായ വാതകങ്ങളുടെ പുറന്തള്ളല്‍ സംബന്ധിച്ച സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന ലക്ഷ്യങ്ങളെ ന്യായീകരിക്കുന്നതിനായിരിക്കും ഈ റിപ്പോര്‍ട്ട് ഉപയോഗിക്കപ്പെടുന്നതെന്ന ആശങ്കയും വ്യാപകമാണ്. ഇതിനൊപ്പം പുനരുപയോഗപ്രദമായ വിഭവങ്ങളുടെ വികസനത്തിനും ഏറെ ചെലവു വരുമെന്നുറപ്പാണ്.
കാലാവസ്ഥാമാറ്റം ഉയര്‍ത്തുന്ന വെല്ലുവിളികളെ ”ഏറ്റവും താഴേത്തട്ട് വരെയിറങ്ങിച്ചെല്ലുന്നതും, പലഘടകങ്ങള്‍ ചേര്‍ന്നുവരുന്നതും പല മുഖങ്ങളോടും ചേര്‍ന്നതും” എന്നാണ് കാലാവസ്ഥാമാറ്റവകുപ്പ് മന്ത്രി ക്രിസ് ബ്രൗണ്‍ വിശേഷിപ്പിച്ചത്. അന്തരീക്ഷ ഊഷ്മാവില്‍ മൂന്നു ഡിഗ്രിയുടെ വര്‍ധനവ് ഉണ്ടാകുകയെന്നാല്‍ ഇപ്പോഴുള്ളതിനെക്കാള്‍ രണ്ടാഴ്ച അധികം അതിയായ ചൂടിന്റെ ഉഷ്ണക്കാറ്റുകള്‍ ഉണ്ടാകുക എന്നാണ് അര്‍ഥം. അതുവഴി അത്യുഷ്ണം മൂലമുള്ള മരണങ്ങളില്‍ നാനൂറിരട്ടിയാകും വര്‍ധന. ഇതിന്റെ ദുരിതം ഏറ്റവും അനുഭവിക്കേണ്ടതായി വരുന്നത് വടക്കന്‍ സംസ്ഥാനങ്ങളും ആദിമജന വിഭാഗങ്ങളുമായിരിക്കും. തീരമേഖകളില്‍ ഇപ്പോഴത്തേതിനെക്കാള്‍ ഇരുനൂറ് പ്രളയങ്ങളെങ്കിലും ഒരു വര്‍ഷം സംഭവിക്കുമെന്നു റിപ്പോര്‍ട്ട് കണക്കാക്കുന്നു. ഇതിന്റെ പകുതി വര്‍ധന തന്നെ അന്തരീക്ഷത്തിലെ ചൂടില്‍ വന്നാല്‍ നാലായിരം കോടി ഡോളറായിരിക്കും അധികമായി മുടക്കേണ്ടി വരുക. പ്രകൃതി ദുരന്തങ്ങളെ നേരിടുന്നതിനു മാത്രമാണ് ഇത്രയും തുക വേണ്ടിവരുക.