കടയ്ക്കു മുന്നില്‍ മൂത്രമൊഴിക്കുന്നതു ചോദ്യം ചെയ്ത ഇന്ത്യക്കാരനെ വെടിവച്ചു കൊന്നു

ലോസാഞ്ചലസ്: കാലിഫോര്‍ണിയയിലെ ലോസാഞ്ചലസില്‍ കടയ്ക്കു മുന്നില്‍ മൂത്രമൊഴിച്ചതു ചോദ്യം ചെയ്തതിന് ഹരിയാന സ്വദേശിയായ യുവാവ് യുഎസില്‍ അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. ഒരു സുപ്പര്‍ മാര്‍ക്കറ്റില്‍ സെക്യുരിറ്റി ജീവനക്കാരനായി ജോലി നോക്കുകയായിരുന്ന കപില്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഹരിയാനയിലെ ജിന്ദ് ജില്ലക്കാരനാണ്. 2022ല്‍ ഡോങ്കി റൂട്ട് എന്നു വിളിക്കപ്പെടുന്ന അനധികൃത മാര്‍ഗത്തിലൂടെ ഒരു ഏജന്റിന് 45 ലക്ഷം രൂപ നല്‍കിയാണ് കപില്‍ അമേരിക്കയിലെത്തുന്നത്.
താന്‍ ജോലി ചെയ്യുന്ന സൂപ്പര്‍മാര്‍ക്കറ്റിനു മുന്നിലെ റോഡില്‍ തദ്ദേശീയനായൊരാള്‍ മൂത്രമൊഴിക്കുന്നതു കണ്ടപ്പോള്‍ കപില്‍ എതിര്‍ക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് വാക്കേറ്റവും കശപിശയും ഉണ്ടായി എന്നാണ് പോലീസ് പറയുന്നത്. എന്തായാലും വാക്കേറ്റത്തിനൊടുവില്‍ ഇയാള്‍ തോക്കെടുത്ത് വെടിവയ്ക്കുകയായിരുന്നു. വെടിയേറ്റു വീണ കപിലിനെ ആള്‍ക്കാര്‍ താങ്ങിയടെത്ത് സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്ക് മരിച്ചിരുന്നു.
രണ്ടു ദിവസത്തേക്ക് യുഎസില്‍ അവധിയായതിനാല്‍ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ ബുധനാഴ്ചയേ നടക്കൂ. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കപിലിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ പതിനഞ്ചു ലക്ഷം രൂപയെങ്കിലുമാകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.