ബന്ദികളെ പുറത്തെത്തിച്ച് മനുഷ്യ പരിചയാക്കിയ ചെറുത്തു നില്‍പിന് ഹമാസ്

ഗാസ സിറ്റി: കനത്ത കരയാക്രമണത്തിലൂടെ ഗാസ സിറ്റി പിടിച്ചെടുക്കാനുള്ള ഇസ്രയേലിന്റെ നീക്കത്തിനു തടയിടാന്‍ അറ്റകൈ പ്രയോഗവുമായി ഹമാസ്. ഇതുവരെ തുരങ്കങ്ങളില്‍ പാര്‍പ്പിച്ചിരുന്ന ബന്ദികളെ അവിടെ നിന്നു പുറത്തിറക്കി മനുഷ്യ പരിചയെന്ന നിലയില്‍ ഉപയോഗിക്കാനാണ് ഈ പദ്ധതി. ഇവരെ തുരങ്കങ്ങള്‍ക്കു പുറത്ത് കൃത്യമായി എവിടെയെന്നു വെളിപ്പെടുത്താതെ ടെന്റുകളിലും കെട്ടിടങ്ങളിലും താമസിപ്പിക്കാനാണ് ഉദ്ദേശ്യം. ഇതു വ്യക്തമാക്കുന്നതാണ് ഹമാസ് കഴിഞ്ഞ ദിവസം പുറത്തു വിട്ട വീഡിയോ. ഇതില്‍ ബന്ദിയാക്കപ്പെട്ട ഒരു യുവാവ് കാറിന്റെ സീറ്റിലിരിക്കുന്നത് വ്യക്തമാണ്. ബന്ദിയുടെ അമ്മ തന്നെയാണ് ഈ വീഡിയോയില്‍ പുത്രനെ തിരിച്ചറിഞ്ഞിരിക്കുന്നത്. കാന്‍ പബ്ലിക് ബ്രോഡ്കാസ്റ്റര്‍ പുറത്തു വിട്ട റിപ്പോര്‍ട്ടും ഇക്കാര്യം ശരിവയ്ക്കുന്നുണ്ട്.
അന്തിമ പോരാട്ടത്തിന് ഇസ്രയേല്‍ തയാറെടുക്കുന്നതിന്റെ ഭാഗമായി ഗാസ സിറ്റി പൂര്‍ണമായി ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. യുദ്ധം തുടങ്ങിക്കഴിഞ്ഞു പോലും പത്തുലക്ഷത്തോളം ആളുകള്‍ താമസിച്ചിരുന്ന ഗാസ സിറ്റിയില്‍ നിന്ന് പതിനായിരക്കണക്കിന് ആള്‍ക്കാരാണ് പലായനം ചെയ്തുകൊണ്ടിരിക്കുന്നത്. സിറ്റിയിലെ താമസക്കാരെല്ലാം ഗാസ മുനമ്പിന്റെ തെക്കു ഭാഗത്ത് എല്ലാവരും കഴിയണമെന്നാണ് ഇസ്രയേലിന്റെ ഉത്തരവ്. എന്നാല്‍ ഗാസയില്‍ ഒരു ഭാഗവും ഇപ്പോള്‍ സുരക്ഷിതമല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. എവിടെയും ഏതു സമയത്തും ഇസ്രയേലിന്റെ ആക്രമണം നടക്കാം എന്നതാണ് അവസ്ഥ. എന്നിട്ടു കൂടി ജനം മുഴുവന്‍ ഗാസ വിട്ടൊഴിയുകയാണ്. ഓരോ കെട്ടിടമായി ഇസ്രേല്‍ തകര്‍ക്കുകയുമാണ്.