ഗാസയില്‍ വീണ്ടും റോന്തു ചുറ്റാന്‍ ഹമാസ് സൈനികര്‍, അധികാരം വിട്ടൊഴിയില്ലെന്നു സൂചന

ഗാസ സിറ്റി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പദ്ധതിയനുസരിച്ച് ദീര്‍ഘമായ ചര്‍ച്ചകള്‍ക്കു ശേഷം ഗാസയിലെ അധിനിവേശ പ്രദേശത്തു നിന്ന് ഇസ്രയേല്‍ സൈന്യം പിന്‍വാങ്ങിയതോടെ എല്ലാം ശുഭമായി എന്ന ധാരണയ്ക്കു മങ്ങലേല്‍ക്കുന്നു. വീണ്ടും ഗാസയുടെ നിരത്തുകളില്‍ ഹമാസിന്റെ സൈന്യം രംഗത്തിറങ്ങിയതോടെയാണിത്. വെടിനിര്‍ത്തലും ബന്ദികളുടെയും തടവുപുള്ളികളുടെയും കൈമാറ്റവും സമാധാന കരാറിന്റെ ഒരു ഭാഗം മാത്രമാണാകുന്നത്. ഇതിന്റെയൊപ്പം സമാധാന പദ്ധതിയില്‍ നിര്‍ദേശിച്ചിരുന്നത് ഹമാസ് അധികാരം വിട്ടൊഴിയണമെന്നാണ്. എന്നാല്‍ അതിനു ഹമാസ് തയാറാകുന്നതിന്റെ സൂചനയില്ലെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇസ്രേലി സേനയുടെ പിന്‍മാറ്റത്തിന്റെ ഒന്നാം ദിവസം തന്നെ നിരത്തുകളിലെങ്ങും ഹമാസ് സൈനികര്‍ കാര്യങ്ങള്‍ വീണ്ടം നിയന്ത്രണത്തില്‍ കൊണ്ടുവരുന്നതിനായി ഇറങ്ങിയത് കാണാമായിരുന്നെന്ന് റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഗാസ നിവാസികള്‍ തിരിച്ചെത്തുമ്പോള്‍ അവര്‍ക്കിടയില്‍ പിടിമുറുക്കുകയാണ് ഹമാസിന്റെ ലക്ഷ്യമെന്നു കരുതുന്നു. അങ്ങനെയെങ്കില്‍ ഇസ്രയേലും അടങ്ങിയിരിക്കുമെന്നു കരുതുന്നതാവും ദുഷ്‌കരം. ഇതിനിടെ ഇസ്രയേലിനെതിരേ ഭീഷണിയുമായി തുര്‍ക്കിയുടെ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ രംഗത്തെത്തിയിട്ടുണ്ട്. ഇനിയും ഗാസയിലേക്ക് സൈന്യത്തെ അയച്ചാല്‍ ഇസ്രയേല്‍ വലിയ വിലകൊടുക്കേണ്ടി വരുമെന്നാണ് ഉര്‍ദുഗാന്റെ മുന്നറിയിപ്പ്.