ഗാസ: അമേരിക്കയുടെ കര്‍ശനമായ താക്കീതിനെ തുടര്‍ന്ന് പരസ്യമായി വധശിക്ഷ നടപ്പാക്കുന്നത് ഹമാസ് അവസാനിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍. ഗാസയില്‍ നിന്ന് ഇസ്രയേല്‍ സേന പിന്‍വാങ്ങിയതോടെ ഇസ്രയേലുമായി സഹകരിച്ചതായി ആരോപിച്ച് പലസ്തീനികളെ പരസ്യമായി ഹമാസ് വധിക്കാനാരംഭിച്ചത് രാജ്യാന്തര തലത്തില്‍ ചര്‍ച്ചയായിരുന്നു. അതോടെയാണ് ഭീഷണിയുമായി ട്രംപ് രംഗപ്രവേശം ചെയ്യുന്നത്. പ്രതികാരക്കൊലകള്‍ നിര്‍ത്തിയില്ലെങ്കില്‍ അതിവേഗവും അതിക്രൂരവുമായ തിരിച്ചടി നേരിടാന്‍ തയാറായിരിക്കണമെന്നാണ് ട്രംപ് ഹമാസിന് അന്ത്യശാസനം നല്‍കിയത്.
ഹമാസ് വെടിനിര്‍ത്തല്‍ ലംഘിക്കുന്നത് തുടര്‍ന്നാല്‍ ഗാസയിലേക്ക് സൈന്യത്തെ അയയ്ക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് പല അറബി രാജ്യങ്ങളും മുന്നോട്ടു വന്നിട്ടുണ്ടെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഹമാസ് ശരിയായ കാര്യം ചെയ്യുമെന്ന് പ്രതീക്ഷയുള്ളതിനാല്‍ അവരെ വിലക്കി നിര്‍ത്തിയിരിക്കുകയാണെന്നും ട്രംപ് വെളിപ്പെടുത്തി. ഇതോടെയാണ് കാര്യങ്ങള്‍ ഒരിക്കല്‍ കൂടി കൈവിട്ടുപോയേക്കുമെന്ന ഭീതി ഹമാസിനുണ്ടാകുന്നത്.
പരസ്യമായ വധശിക്ഷകള്‍ നിര്‍ത്താനുള്ള സന്നദ്ധത മധ്യസ്ഥ ശ്രമങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന അറബി രാജ്യങ്ങളിലെ അധികൃതരോട് ഹമാസ് വെളിപ്പെടുത്തിയിട്ടുണ്ട്. ഹമാസിന്റെ ഭാഗത്തു നിന്ന് വെടിനിര്‍ത്തല്‍ വ്യവസ്ഥകള്‍ ലംഘിക്കപ്പെടുന്നത് നിരീക്ഷിച്ചുകൊണ്ട് ഇസ്രയേലും അതിര്‍ത്തിയില്‍ തന്നെ നിലയുറപ്പിച്ചിട്ടുണ്ട്. അമേരിക്കയുടെ ഭാഗത്തു നിന്ന് പച്ചക്കൊടി ലഭിച്ചുകഴിഞ്ഞാല്‍ ഐഡിഎഫിന്റെ കവചിത വാഹനങ്ങള്‍ മിനിറ്റുകള്‍ക്കുള്ളില്‍ ഗാസയിലെത്തുമെന്നതും ഹമാസിനെ വീണ്ടുവിചാരത്തിനു പ്രേരിപ്പിക്കുന്നു.

