കോഴിക്കോട്: കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഹജ്ജ് യാത്രികരുള്ള മലപ്പുറം ജില്ലയില്‍ തന്നെയാണ് സ്ഥിതി ചെയ്യുന്നതെങ്കിലും കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നു ഹജ്ജ് തീര്‍ഥാടനത്തിനു പോകണമെങ്കില്‍ കൊച്ചി, കണ്ണുര്‍ വിമാനത്താവളങ്ങളില്‍ നിന്നു പോകുന്നതിനെക്കാള്‍ ടിക്കറ്റ് ചാര്‍ജ് ഇനത്തില്‍ അധികം കൊടുക്കേണ്ടി വരുന്നത് 18000 രൂപയോളം. കൊച്ചിയില്‍ നിന്ന് 87652 രൂപയ്ക്കും കണ്ണൂരില്‍ നിന്ന് 89690 രൂപയ്ക്കും ജിദ്ദയിലേക്ക് പോകാവുന്ന സ്ഥാനത്ത് കരിപ്പൂരില്‍ നിന്നു കൊടുക്കേണ്ടി വരുന്നത് 107239 രൂപ.
വലിയ വിമാനങ്ങള്‍ക്ക് പറന്നിറങ്ങാനും പറന്നു പൊങ്ങാനും കരിപ്പൂരില്‍ അസൗകര്യവും നിയന്ത്രണവുമുള്ളതിനാലാണ് നിരക്കിലെ അനുപാതമില്ലാത്ത വര്‍ധന. 2020ല്‍ റണ്‍വേയില്‍ നിന്നു തെന്നി എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം വീണ് ഇരുപത്തൊന്നു യാത്രികര്‍ മരിച്ചതോടെയാണ് വലിയ വിമാനങ്ങള്‍ക്ക് ഇവിടെ നിയന്ത്രണം വന്നത്. ആ അപകടം കഴിഞ്ഞ് അഞ്ചു വര്‍ഷത്തിലേറെയായിട്ടും ഇതുവവെര റണ്‍വേ വികസനം തീര്‍ന്നിട്ടില്ല. അതിനാല്‍ ചെറുവിമാനങ്ങള്‍ മാത്രമാണ് ഇവിടെയെത്തുന്നത്. വര്‍ധിച്ച നിരക്കു നിമിത്തം ഇവിടെ നിന്നുള്ള യാത്രക്കാരുടെ എണ്ണവും കുറയുകയാണ്. ഇത്തവണ ആകെ ആയിരം യാത്രക്കാരെ മാത്രമാണ് കരിപ്പൂരില്‍ നിന്നു പ്രതീക്ഷിക്കുന്നതു തന്നെ. കേരളത്തില്‍ നിന്ന് പ്രതിവര്‍ഷം പതിനയ്യായിരത്തിനു മേല്‍ യാത്രക്കാര്‍ ഹജ്ജിനു പോകുമ്പോഴാണ് അവരില്‍ പത്തു ശതമാനത്തെ പോലും ലഭിക്കാതെ കരിപ്പൂര്‍ ഇഴയുന്നത്.
ഹജ്ജിനു പോകാന്‍ കരിപ്പൂരിനെ ആര്‍ക്കും വേണ്ട, അധികം കൊടുക്കേണ്ടത് 18000 രൂപ

