കഷണ്ടി അല്ലെങ്കിൽ മുടി കൊഴിച്ചിൽ പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. കഷണ്ടി കയറുന്നത് പുരുഷന്മാർക്ക് മാത്രമല്ല സ്ത്രീകൾക്കും ഒരു തലവേദനയാണ്. ഫഹദ് ഫാസിലിനെ പോലുളള സിനിമാ താരങ്ങൾ കഷണ്ടി ഒരു കുറവേ അല്ലെന്ന് അടിവരയിട്ടിട്ടുണ്ടെങ്കിലും തലയിൽ മുടിയില്ലാതിരിക്കുന്നത് അധികമാർക്കും അത്ര സന്തോഷമുളള കാര്യമല്ല.
ജനിതക ഘടകങ്ങൾ, സമ്മർദ്ദം, പോഷകക്കുറവ്, ഹോർമോൺ വ്യതിയാനങ്ങൾ, മോശം ജീവിതശൈലി എന്നിവയാണ് കഷണ്ടി വരാനുളള പ്രധാന കാരണങ്ങൾ. അസൂയയ്ക്കും കഷണ്ടിക്കും മരുന്നില്ല എന്നാണ് വെപ്പ്. എന്നാൽ, വീട്ടിൽ തന്നെ ചില പ്രകൃതിദത്ത വൈദ്യങ്ങളും ശീലങ്ങളും പിന്തുടർന്നാൽ കഷണ്ടിയായ ഇടങ്ങളിൽ മുടി വളർത്താൻ സഹായിക്കും.
1. തേങ്ങാപ്പാലും എണ്ണയും
തേങ്ങാപ്പാൽ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. ഇതിൽ വിറ്റാമിനുകളും കൊഴുപ്പുകളും അടങ്ങിയിരിക്കുന്നു, ഇത് തലയോട്ടിയെ പോഷിപ്പിക്കുന്നു. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ തേങ്ങാപ്പാൽ തലയോട്ടിയിൽ പുരട്ടി 30 മിനിറ്റ് വെച്ചശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക. വെളിച്ചെണ്ണയിൽ ഉലുവ വറുത്ത് ഉപയോഗിക്കുന്നതും മുടി വളർച്ചയ്ക്ക് ഗുണകരമാണ്. ഇത് രാത്രി മുഴുവൻ തലയിൽ വെച്ചശേഷം രാവിലെ കഴുകാം.
2. ഉലുവ
ഉലുവയിൽ മുടി വളർച്ചയെ ഉത്തേജിപ്പിക്കുന്ന പ്രോട്ടീനുകളും നിക്കോട്ടിനിക് ആസിഡും അടങ്ങിയിരിക്കുന്നു. ഒരു കപ്പ് ഉലുവ രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത് രാവിലെ അരച്ച് പേസ്റ്റ് രൂപത്തിൽ തലയോട്ടിയിൽ പുരട്ടുക. 40 മിനിറ്റിനുശേഷം കഴുകിക്കളയുക. ഇത് ആഴ്ചയിൽ രണ്ടുതവണ ചെയ്യുന്നത് ഫലപ്രദമാണ്
സവാള നീര്
സവാളയിൽ സൾഫർ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് കോളജൻ ഉൽപാദനത്തെ സഹായിക്കുകയും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഒരു സവാള അരച്ച് നീര് പിഴിഞ്ഞെടുത്ത് കഷണ്ടി പാടുകളിൽ പുരട്ടുക. 15-20 മിനിറ്റിനുശേഷം മൈൽഡ് ഷാമ്പൂ ഉപയോഗിച്ച് കഴുകുക. ആഴ്ചയിൽ രണ്ടുതവണ ഇത് ആവർത്തിക്കുക.
4. ആരോഗ്യകരമായ ഭക്ഷണക്രമം
മുടി വളർച്ചയ്ക്ക് പോഷകസമൃദ്ധമായ ഭക്ഷണം അത്യന്താപേക്ഷിതമാണ്. പ്രോട്ടീൻ, ഇരുമ്പ്, വിറ്റാമിൻ ഡി, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക. മുട്ട, മത്സ്യം, പഴങ്ങൾ, പച്ചക്കറികൾ, ബദാം, വാൽനട്ട് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ധാരാളം വെള്ളം കുടിക്കുന്നതും തലയോട്ടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.
മസാജും വ്യായാമവും തലയോട്ടിയിലെ രക്തചംക്രമണം വർധിപ്പിക്കുന്നതിന് എണ്ണ മസാജ് ഫലപ്രദമാണ്. ആഴ്ചയിൽ മൂന്ന് തവണ 5-10 മിനിറ്റ് മസാജ് ചെയ്യുക. യോഗയും വ്യായാമവും സമ്മർദ്ദം കുറയ്ക്കുകയും മുടി വളർച്ചയെ സഹായിക്കുകയും ചെയ്യുന്നു. കഷണ്ടി പാടുകളിൽ മുടി വളർത്താൻ ക്ഷമയും സ്ഥിരതയും ആവശ്യമാണ്. വീട്ടുവൈദ്യങ്ങൾക്കൊപ്പം ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നത് മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തും. എന്നാൽ, കഷണ്ടി ഗുരുതരമാണെങ്കിൽ, ഒരു ഡെർമറ്റോളജിസ്റ്റിനെ സമീപിക്കുന്നത് ഉചിതമാണ്.