ഇരിക്കേണ്ടിടത്ത് ഇരുന്നാല്‍ തലമുടിയോളം ഒരാളുടെ പേഴ്സണാലിറ്റി സ്റ്റേറ്റ്മെന്റായി മാറുന്നത് മറ്റെന്തുണ്ട്. അതു പോലെ പ്രധാനമാണ് ഇരുത്തേണ്ടതു പോലെ ഇരുത്തുന്നതും എന്ന കാര്യം മറന്നു കൂടാ. അത്യാവശ്യത്തിനെങ്കിലും തലയ്ക്കുള്ളില്‍ ആള്‍ത്താമസമുള്ളവര്‍ തലയ്ക്കു മുകളിലുള്ള മുടിയെ അങ്ങനെയൊന്നും അവഗണിക്കാറുമില്ല. അല്ലെങ്കില്‍ തന്നെ അവഗണിക്കുന്നതു ശരിയല്ലല്ലോ. തലേലെടുത്തു വച്ചല്ലേ മുടിയെ ദൈവം തമ്പുരാന് ഭൂമിയിലേക്കു വിട്ടിരിക്കുന്നത്.
ഒന്നു ചോദിച്ചോട്ടെ, നിങ്ങള്‍ സ്ഥിരമായി ഒരേ ഷാമ്പൂ തന്നെ ഉപയോഗിക്കുന്നവരാണോ. അതല്ലെങ്കില്‍ ഒരേ ഹെയര്‍ സീറം, ഒരേ ജെല്‍. എത്രനാളായി അതിവിശ്വസ്തതയോടെയുള്ള ഈ സമീപനം തുടങ്ങിയിട്ട്. ഓര്‍ത്തോളൂ, വിശ്വസ്തത പല കാര്യത്തിലും നല്ലതാണെങ്കിലും മുടിയുടെ കാര്യത്തില്‍ ഒരേ രീതിയോടു മാത്രമുള്ള വിശ്വസ്തത മുടിയുടെ തന്നെ വില്ലനായി മാറും. മുടി പിളര്‍ന്നും ചകിരി പോലെയായും അമിതമായി പൊഴിഞ്ഞുമൊക്കെ തലമുടി അനാരോഗ്യത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയാല്‍ ഓര്‍ത്തോളൂ നിങ്ങളുടെ മുടിക്ക് സൈക്ലിങ് ആവശ്യമായി വരികയാണ്.
വ്യത്യസ്തമായ ഉല്‍പ്പന്നങ്ങളും രീതികളും മാറിമാറി ഉപയോഗിക്കുന്നതിനെയാണ് ഹെയര്‍ സൈക്ലിങ് എന്നു വിളിക്കുന്നത്. വ്യത്യസ്തമായ രീതികള്‍ എന്നു പറയുമ്പോള്‍ നാടന്‍ രീതികള്‍, ബ്യൂട്ടീഷന്മാര് നിര്‍ദേശിക്കുന്ന രീതികള്‍, നമുക്കു തന്നെ മറ്റുള്ളവരുടെ അനുഭവത്തില്‍ നിന്നു പാഠമായി മാറുന്ന രീതികള്‍ ഒക്കെയാണ് ഉദ്ദേശിക്കുന്നത്. ഒരു പ്രയോഗവും മുടിയോടു ചെയ്യാത്ത കുറച്ചു കാലവും ഇതിനിടയിലാകാം. ഇങ്ങനെ പല രീതികള്‍ മാറി മാറി ഉപയോഗിക്കു.വ്യത്യസ്തമായ ഉല്‍പ്പന്നങ്ങള്‍ എന്നാല്‍ ഷാമ്പൂവില്‍ നിന്ന് നാടന്‍ താളിയിലേക്കുള്ള മാറ്റം, ഹെയര്‍ ജെല്ലില്‍ നിന്ന് കാച്ചെണ്ണയിലേക്കുള്ള മാറ്റം. അങ്ങനെയൊക്കെ. അങ്ങോട്ടുമിങ്ങോട്ടും ഷട്ടില്‍ തട്ടുന്നതു പോലെ സമ്പ്രദായങ്ങളും സാധനങ്ങളും മാറിമാറി ഉപയോഗിക്കുക.
നമുക്കൊക്കെ അറിയാം മുടി പലതരത്തിലുള്ളതാണ്. അവളുടെ തലമുടി പോലെയാകില്ല ഇവളുടെ തലമുടി, ഇവരുടെ രണ്ടുപേരുടെയും മുടി പോലെയാകില്ല നമ്മുടേത്. വരണ്ട മുടിയുള്ളവര്‍ വരള്‍ച്ച തടയാനും എണ്ണ മയമുള്ള മുടിയോടു കൂടിയവര്‍ അധിക സ്നിഗ്ധത നിയന്ത്രിക്കാനും സാധാരണ മുടിയുള്ള അപൂര്‍വം ഭാഗ്യശാലികള്‍ ആ ഗുണം നിലനിര്‍ത്താനും പറ്റിയ കേശ സംരക്ഷണ രീതികളായിരിക്കുമല്ലോ ഉപയോഗിക്കുക. അതില്‍ തെറ്റില്ല, തെറ്റുള്ളത് ആ ഒരു രീതി തന്നെ സ്ഥിരമായി പിന്തുടരുന്നതിലാണ്. അറിയുക, ഓരോയിനം മുടിക്കും യോജിക്കുന്ന നിരവധി കേശസംരക്ഷണ രീതികളുണ്ട്. അവയ്ക്കിടയിലാണ് വച്ചുമാറ്റം നടക്കേണ്ടത്. നിങ്ങളുടെ അറിവില്‍ ഈ വിഷയത്തില്‍ പരിജ്ഞാനമുണ്ടെന്നു കണ്ടിട്ടുള്ള ഏതെങ്കിലും ബ്യൂട്ടീഷന് ഓരോയിനം മുടിക്കും പറ്റിയ സംരക്ഷണ വസ്തുക്കള്‍ പറഞ്ഞു തരാനാവും. ബാക്കി സ്വന്തം തീരുമാനമായിക്കോട്ടെ. ഇവയ്ക്കിടയില്‍ ഓരോ മൂന്നു മാസത്തിന്റെയും ഇടവേളയില്‍ വച്ചുമാറ്റം നടത്തുക. മുടിയുടെ ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിച്ച് അഴകും ആരോഗ്യവും വീണ്ടെടുത്തു തരാന്‍ ഈ സമ്പ്രദായത്തിനു കഴിയുമെന്നു പറയുന്നത് പരീക്ഷിച്ചു നോക്കി മികച്ച ഫലം കണ്ടിട്ടുള്ളവര്‍ തന്നെയാണ്.
ഹെയര്‍ സ്മൂത്തനിങ്, സ്ട്രേയ്റ്റനിങ്, കളറിങ്, ബ്ലോഡ്രൈ തുടങ്ങിയ കാര്യങ്ങള്‍ ഇത്തരം സമ്പ്രദായ മാറ്റങ്ങള്‍ക്കിടയില്‍ നടത്തരുത്. അവ നിര്‍ത്തി വയ്ക്കേണ്ട കാര്യമില്ല, ഒരു രീതിയില്‍ ഉറച്ചതിനു ശേഷം ഒരാഴ്ചയോ മറ്റോ കഴിയുമ്പോള്‍ മതിയെന്നു മാത്രം.
എങ്ങനെയാണ് ഹെയര്‍ സൈക്ലിങ് നടത്തുന്നതെന്നു നോക്കാം.
ഹെയര്‍ സ്ക്രബ് ഉപയോഗിച്ച് തലയിലെ തൊലിയില്‍ അടിഞ്ഞു കൂടിയിരിക്കുന്ന അഴുക്കും മൃതകോശങ്ങളും ആദ്യമേ നീക്കം ചെയ്യണം. ചീവയ്ക്ക പൊടി, ചെറുപയര്‍ പൊടി എന്നിവയൊക്കെ നാടന്‍ സ്ക്രബുകളില്‍ ബെസ്റ്റാണ്. അതിനു ശേഷം താളിയോ വീര്യം കുറഞ്ഞ ഷാമ്പൂവോ ഉപയോഗിച്ച് മുടി നന്നായി കഴുകുക. പിന്നീട് ഷാന്വൂവും താളിയും മുഴുവനായി കഴുകി മാറ്റുകയും മുടിയില്‍ അധികമായി ശേഷിക്കുന്ന ജലാംശം പിഴിഞ്ഞു കളയുകയും വേണം. അതു കഴിഞ്ഞാല്‍ തലയോട്ടിയോടു ചേരുന്ന ഭാഗം ഒഴികെ മുടിയില്‍ ഏതെങ്കിലും ഗുണമേന്മയുള്ള കണ്ടീഷനര്‍ പുരട്ടുക. രണ്ടോ മൂന്നോ മിനിറ്റ് കണ്ടീഷനര്‍ മുടിയില്‍ വച്ചേക്കുക,. പിന്നീട് മുടി വൃത്തിയായി കഴുകിയെടുക്കാം.
മുടിയുടെ ആരോഗ്യം വീണ്ടെടുക്കാനായി ഡീപ് കണ്ടീഷനിങ് മാസ്ക് പുരട്ടുന്നതാണ് അടുത്ത പടി. ചെമ്പരത്തി പൂവിന്റെ ഇതളുകള്‍ അല്പം വെള്ളം ചേര്‍ത്ത് നന്നായി അരച്ച് കുഴമ്പു പരുവത്തിലെടുക്കുക. ഇതില്‍ മൂന്നു സ്പൂണ്‍ നല്ല വെളിച്ചെണ്ണയും ചേര്‍ത്ത് തലയിലെ തൊലിയില്‍ പുരട്ടുക. അത് അങ്ങനെ തന്നെ മുക്കാല്‍ മണിക്കൂറോളം സൂക്ഷിക്കുക. അതിനു ശേഷം താളിയോ വീര്യം കുറഞ്ഞ ഷാമ്പൂവോ ഉപയോഗിച്ച് മുടി വൃത്തിയായി കഴുകുക. അതിനുശേഷം കണ്ടീഷനര്‍ പുരട്ടി കഴുകുക. മാസത്തില്‍ ഒരിക്കല്‍ ഇങ്ങനെ ചെയ്താല്‍ മതി.
ഹെയര്‍ സൈക്ലിങ് തുടങ്ങിയാല്‍ അഞ്ചു ദിവസമെങ്കിലും തുടര്‍ച്ചയായി ചെയ്യണം. മുടി പൊട്ടുന്നതു തടഞ്ഞ് കേശാരോഗ്യം വീണ്ടെടുക്കാന്‍ ഇതു സഹായിക്കും. അഞ്ചു ദിവസം കഴിഞ്ഞാല്‍ പതിവ് ഉല്‍പ്പന്നങ്ങളും സ്റ്റൈലിങ് രീതകളും തന്നെ തുടരാം.
ഹെയര്‍ ഡ്രയര്‍ ഉപേക്ഷിച്ച് സ്വാഭാവികമായി മുടി ഉണങ്ങാന്‍ അനുവദിക്കുന്നത് ഹെയര്‍ സൈക്ലിങ് കൂടുതല്‍ ഫലപ്രദമാക്കും. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഓയില്‍ മാസാജ് ചെയ്ത ശേഷം താളിയോ വീര്യം കുറഞ്ഞ ഷാമ്പൂവോ ഉപയോഗിച്ച് കഴുകുന്നതും നല്ല ഫലമാണ് തരുന്നത്. ഓര്‍ക്കുക, ഒരു ചെയ്ഞ്ച് ഏതു മുടിക്കാണ് ഇഷ്ടമാകാത്തത്.
മുടിയുടെ ആരോഗ്യത്തിനും സൈക്ലിങ് നല്ലതെന്നറിയാമോ

