എച്ച്1ബി വീസ ഫീസ് ഇന്നുമുതല്‍ കൂടും, ഫീസ് വര്‍ധന സംബന്ധിച്ച വിശദാംശങ്ങള്‍ ഇതാ

വാഷിങ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യപിച്ച പുതിയ എച്ച1ബി വീസയ്ക്കുള്ള അപേക്ഷാഫീസ് ഇന്നു നിലവില്‍ വരും. പഴയവീസക്കാര്‍ക്ക് ഇതു ബാധകമായിരിക്കിലെന്ന് വൈറ്റ് ഹൗസ് പ്രഖ്യാപനംവന്നിട്ടുള്ളതിനാല്‍ ഇപ്പോള്‍ തന്നെ വീസ കൈവശമുള്ളവര്‍ക്ക് ഭയപ്പെടേണ്ട കാര്യമില്ല. ഇക്കൂട്ടര്‍ക്ക് വീസ പുതുക്കലിനും ബുദ്ധിമുട്ട് നേരിടേണ്ടി വരില്ല. പുതിയതായി അമേരിക്കയിലേക്കു പ്രവേശിക്കുന്നവര്‍ക്കുമാത്രമാണ് ഇതു പ്രശ്‌നമാകുക. നിലവില്‍ അമേരിക്കയില്‍ താമസിച്ചു പോരുന്ന അപേക്ഷകര്‍ക്കും ഇതു ബാധകമായിരിക്കില്ല.
വീസ ഫീസ് വര്‍ധനയുടെ വെളിച്ചത്തില്‍ ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ തുടര്‍ന്നു വായിക്കുക.

എന്താണ് ഈ പ്രഖ്യാപനത്തിന്റെ അര്‍ഥം

സെപ്റ്റംബര്‍ 21 മുതല്‍ വിദേശത്തു നിന്ന് എച്ച്1ബി വീസയില്‍ ഒരു തൊഴിലാളിയെ അമേരിക്കയിലേക്കു കൊണ്ടുവരാന്‍ അപേക്ഷിക്കുന്ന ഓരോ തൊഴിലുടമയും അതിനുള്ള ഫീസായി ഒരു ലക്ഷം അമേരിക്കന്‍ ഡോളര്‍ അടയ്ക്കണം. ഇതുതൊഴിലുടമയാണ് അടയ്‌ക്കേണ്ടത്. ഏതെങ്കിലും സാഹചര്യത്തില്‍ ഒഴിവു ലഭിച്ചിട്ടുള്ള തൊഴിലുടമകള്‍ ഈ തുക അടയ്‌ക്കേണ്ടതില്ല.
ഫീസ് അടച്ചില്ലെങ്കില്‍ വീസ അപേക്ഷ തള്ളപ്പെടില്ല, പക്ഷേ അതിന്‍മേല്‍ നടപടിയൊന്നും ഉണ്ടാകില്ല.
2026 സെപ്റ്റംബര്‍ 20 വരെയായിരിക്കും ഈ നിയമത്തിനു പ്രാബല്യമുണ്ടാകുക. അല്ലെങ്കില്‍ ആ തീയതിക്കു മുമ്പ് ഈ കാലാവധി നീട്ടിയിരിക്കണം.

ആര്‍ക്കൊക്കെയാണ് ഈ ഉത്തരവ് ബാധകമാകുക

അമേരിക്കയ്ക്കു പുറത്തു സ്ഥിരമായി താമസിക്കുന്നതും 2025 സെപ്റ്റംബര്‍ 21നു മുമ്പ് വീസയ്ക്കായി അപേക്ഷിക്കാത്തവരുമായുള്ളവരുടെ കാര്യത്തില്‍ ഇതു ബാധകമാണ്. ഈ തീയതിക്കു മുമ്പു തന്നെ അപേക്ഷിച്ചിട്ടും ആ അപേക്ഷയിന്‍മേല്‍ തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടില്ലെങ്കിലും ഈ ഉത്തരവില്‍ പറയുന്ന ഫീസ് അടയ്ക്കണം.

ആര്‍ക്കൊക്കെയാണ് ഇതു ബാധകമല്ലാത്തത്

ഈ ഉത്തരവിന്റെ വിശദാംശങ്ങള്‍ ഇതുവരെ പൂര്‍ണമായി പുറത്തായിട്ടില്ലെങ്കിലും നിലവില്‍ ഗവണ്‍മെന്റ് തലത്തില്‍ വ്യക്തമാക്കിയിരിക്കുന്ന കാര്യങ്ങള്‍ അനുസരിച്ച് താഴെ പറയുന്ന സാഹചര്യങ്ങളില്‍ ഒരു ലക്ഷം ഡോളറിന്റെ ഫീസ് ബാധകമായിരിക്കില്ല.
സെപ്റ്റംബര്‍ 21ന് പുലര്‍ച്ചെ 12.01 ന് ഈ വ്യക്തി അമേരിക്കയക്കുള്ളിലുണ്ടെങ്കില്‍. വീസ അപേക്ഷ അതിന്റെ പ്രോസസിങ് ഘട്ടത്തില്‍ മാത്രമാണെങ്കിലും തുക അടയ്‌ക്കേണ്ടതില്ല. (സെപ്റ്റംബര്‍ 21 നുശേഷം വീസ അപേക്ഷയുടെ സംസ്‌കരണ ഘട്ടത്തില്‍ അപേക്ഷകന്‍ യുഎസിനു പുറത്താണെങ്കില്‍ ഫീസ് ബാധകമാകാനാണിട. അതായത് സംസ്‌കരണ ഘട്ടം കഴിയുവോളം അമേരിക്കയില്‍ തന്നെയുണ്ടായിരിക്കണം.)
എച്ച് 1 ബി അപേക്ഷയ്ക്ക് സെപ്റ്റംബര്‍ 21നു മുമ്പു തന്നെ അനുമതി കിട്ടിയിട്ടുണ്ടെങ്കില്‍
നിലവിലുള്ള മറ്റേതെങ്കിലും വീസയില്‍ നിന്ന് എച്ച1ബിയിലേക്കു മാറ്റം തേടുന്നവര്‍, എച്ച്1ബിയുടെ കൂടുതല്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നവര്‍, അമേരിക്കയില്‍ തന്നെ താമസമാക്കിയിരിക്കുന്ന മറ്റൊരു എച്ച്1ബി തൊഴിലുമയിലേക്ക് മാറ്റം തേടുന്നവര്‍ എന്നിവര്‍ക്ക് ഈ ഫീസ് ബാധകമായിരിക്കില്ല.

ആരെയെങ്കിലും ഒഴിവാക്കിയിട്ടുണ്ടോ

ഉണ്ട്. ഹോംലാന്‍ഡ് സെക്യുരിറ്റി വിഭാഗം സെക്രട്ടറിക്ക് ആരെയെങ്കിലുമോ, ഏതെങ്കിലും കമ്പനിയെയോ, എതെങ്കിലും വ്യവസായത്തെയോ ഈ ഫീസ് വര്‍ധനയില്‍ നിന്ന് ഒഴിവാക്കാന്‍ അധികാരമുണ്ട്. എന്നാല്‍ ദേശീയ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി മാത്രമേ ഇങ്ങനെ ചെയ്യാനാവൂ.