ഗുരുവായൂരില്‍ നാളെ മുതല്‍ ദര്‍ശനത്തിന് 17 മണിക്കൂര്‍, കൂടുതല്‍ സമയം നട തുറന്നിരിക്കും

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ ദര്‍ശനത്തിന് കൂടുതല്‍ സമയം. തുലാം ഒന്നാം തീയതിയെന്ന കണക്കിലാണ് നാളെ മുതല്‍ ദര്‍ശന സമയം കൂട്ടുന്നത്. തിടുക്കം കൂടാതെ ദര്‍ശനം നടത്താന്‍ ഈ മാറ്റം ഭക്തരെ സഹായിക്കുമെന്നു കരുതുന്നു. ശനിയാഴ്ച മുതല്‍ പുലര്‍ച്ചെ മൂന്നിനു തുറക്കുന്ന നട ഉച്ചകഴിഞ്ഞ് മൂന്നിനു മാത്രമേ അടയ്ക്കൂ. ഉച്ചയ്ക്ക് ഒരു മണിക്കൂര്‍ മാത്രം അടച്ചിട്ട ശേഷം നാലിന് വീണ്ടും നട തുറക്കും. അതിനു ശേഷം രാത്ര ഒമ്പതിനു മാത്രമേ നട അടയ്ക്കൂ. ഇതോടെ എല്ലാ ദിവസവും ഏഴു മണിക്കൂര്‍ മാത്രമായിരിക്കും ദര്‍ശനം നടത്തുന്നതിനു ബുദ്ധിമുട്ട് നേരിടൂ.

നിലവില്‍ ഉച്ചയ്ക്ക് രണ്ടിനാണ് ക്ഷേത്രം അടയ്ക്കുന്നത്. അതിനു ശേഷം രണ്ടര മണിക്കൂര്‍ അടച്ചിട്ട ശേഷം വൈകിട്ട് നാലരയ്ക്കാണ് വീണ്ടും തുറക്കുന്നത്. എന്നാല്‍ ഭക്തരുടെ തിരക്ക് അധികമായാല്‍ പലപ്പോഴും രണ്ടുമണിക്കുള്ള നടയടയ്ക്കല്‍ നടക്കാറില്ല. മൂന്നു മണിയോളം നട തുറന്നു വയ്‌ക്കേണ്ടി വരാറുണ്ട്. ദര്‍ശന സമയം നീട്ടണമെന്ന തന്ത്രിയും മുന്നോട്ടു വച്ചിരുന്നു. അതിന്റെ കൂടി അടിസ്ഥാനത്തിലാണ് നട തുറന്നിരിക്കുന്ന സമയം വര്‍ധിപ്പിച്ചിരിക്കുന്നത്.