വിപിഎന്‍ ഉപയോഗത്തില്‍ ലോകത്ത് മുന്‍പന്തിയില്‍ ഗള്‍ഫ് രാജ്യങ്ങള്‍, സ്വകാര്യതയ്ക്ക് മറുവഴിയായി ഇവ മാറുന്നു

അബുദാബി: കഴിഞ്ഞ അഞ്ചര വര്‍ഷത്തിനിടയില്‍ ലോകത്ത് ഏറ്റവുമധികം വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്ക് ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചത് യുഎഇയെന്നു റിപ്പോര്‍്ട്ട്. സൈബര്‍ ന്യൂസിന്റെ റിപ്പോര്‍ട്ട് പ്രകാരം വിവിധ സേവനദാതാക്കളില്‍ നിന്ന് ഇത്തരം ആപ്ലിക്കേഷനുകളുടെ ഏറ്റവും കൂടിയ ഡൗണ്‍ലോഡ് നടത്തിയിരിക്കുന്നതും അറബി രാജ്യങ്ങളാണ്. ഗവണ്‍മെന്റുകളുടെ സൈബര്‍ മേല്‍നോട്ടത്തെ മറികടക്കാനാണ് പലപ്പോഴും സ്വകാര്യത ഉറപ്പാക്കുന്ന വിപിഎന്നുകളിലേക്ക് ജനങ്ങള്‍ തിരിയുന്നത്. ഇവയില്‍ എല്ലാ കാര്യങ്ങളും എന്‍ക്രിപ്റ്റഡ് ആയതിനാല്‍ ഏതേതു സൈറ്റുകളിലേക്കു പോകുന്നു, അവിടെ എന്തെല്ലാം വിവരങ്ങള്‍ പങ്കുവയ്ക്കുന്നു തുടങ്ങിയ കാര്യങ്ങളില്‍ സ്വകാര്യത സൂക്ഷിക്കാന്‍ ഉപയോക്താക്കള്‍ക്കു കഴിയുന്നു.

സൈബര്‍ ന്യൂസിന്റെ കണക്കു പ്രകാരം ജിസിസി രാജ്യങ്ങളില്‍ 65.78 ശതമാനം ഇന്റര്‍നെറ്റ് ഉപയോക്താക്കളും വിപിഎന്നുകളില്‍ കൂടിയാണ് നെറ്റ് ഉപയോഗിക്കുന്നത്. രണ്ടാം സ്ഥാനത്തു വരുന്നത് ഖത്തറാണ്. തൊട്ടടുത്തു തന്നെ ഒമാനും സൗദി അറേബ്യയും കുവൈറ്റുമുണ്ട്. ഏറ്റവും പിന്നിലുള്ളത്. ആഫ്രിക്കന്‍ രാജ്യങ്ങളാണ്. ഗള്‍ഫ് രാജ്യങ്ങളിലാണ് ലോകത്ത് ഏറ്റവുമധികം ഇന്റര്‍നെറ്റ് ഗവണ്‍മെന്റ് നിരീക്ഷണമുള്ളത്. ഇതിനെ മറികടക്കാനുള്ള ഉപായമായി ജനങ്ങളും ബിസിനസുകളും വിപിഎന്‍ ഉപയോഗിക്കുന്നു എന്നാണ് കണക്കുകള്‍ കാണിക്കുന്നത്. കഴിഞ്ഞ ആറു വര്‍ഷമായി ഇതേ അവസ്ഥ തന്നെയാണ് ലോകത്താകെയുള്ളത്.

ഡിജിറ്റല്‍ സ്വാതന്ത്ര്യം അനുവദിക്കുന്ന രാജ്യങ്ങളില്‍ ഇത്തരം മറവുകളിലേക്ക് പോകേണ്ട ആവശ്യം ജനങ്ങള്‍ക്കു നേരിടേണ്ടതായി വരുന്നില്ലെന്ന കാര്യമാണ് ഈ കണക്കുകള്‍ കാണിക്കുന്നത്. സര്‍ക്കാരിന്റെയും നിയമപാലകരുടെയും കണ്ണുകള്‍ ഡിജിറ്റല്‍ ലോകത്ത് എത്ര കൂടുന്നുവോ അപ്പോഴെല്ലാം അവയെ മറികടക്കാന്‍ ജനങ്ങള്‍ ശ്രദ്ധിക്കുന്നു എന്നതാണ് ഇതില്‍ നിന്നും വ്യക്തമാകുന്നതെന്ന് സൈബര്‍ വിദഗ്ധര്‍ പറയുന്നു.