സൗത്ത് കരോലിന: സൗത്ത് കരോലിനയിലെ യൂണിയന് കൗണ്ടി പ്രദേശത്ത് ഇന്ത്യന്‍ വനിത മോഷ്ടാക്കളുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ഗുജറാത്തില്‍ നിന്ന് അമേരിക്കയിലെത്തി സ്വന്തമായി ഭക്ഷ്യവസ്തുക്കളുടെ സ്റ്റോര്‍ നടത്തുകയായിരുന്ന കിരണ്‍ പട്ടേല്‍ ആണ് കൊല്ലപ്പെട്ടത്. ഇവര്‍ക്ക് 49 വയസായിരുന്നു. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. കടയില്‍ പണം ചോദിച്ചെത്തിയ മോഷ്ടാവിന് പണം കൊടുക്കാന്‍ ഇവര്‍ വിസമ്മതിച്ചപ്പോള്‍ അയാള്‍ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളില്‍ ഇക്കാര്യങ്ങള്‍ മുഴുവന്‍ വ്യക്തമാണ്. കടയുടെ പുറത്തു നിന്ന് ആദ്യം വെടിയൊച്ച കേള്‍ക്കുമ്പോള്‍ കിരണ്‍ പോലീസിനെ വിളിക്കുന്നുണ്ട്. ആ സമയം കടയിലേക്കു കയറി വന്ന അക്രമി ഇവരോട് പണം ആവശ്യപ്പെട്ടു. എന്നാല്‍ കൊടുക്കാന്‍ ഇവര്‍ വിസമ്മതിച്ചതോടെ അയാള്‍ തോക്കെടുത്തു വെടിവച്ചു. എന്നാല്‍ ഉന്നം തെറ്റിപ്പോയിരുന്നു. അപ്പോള്‍ കൈയില്‍ കിട്ടിയ സാധനങ്ങളൊക്കെയെടുത്ത് ഇയാളെ എറിഞ്ഞ ശേഷം കിരണ്‍ കടയില്‍ നിന്നു പുറത്തേക്ക് ഓടി. അപ്പോള്‍ പിന്നാലെയെത്തിയ അക്രമി തുരുതുരാ വെടിവയ്ക്കുകയായിരുന്നു. പോയിന്റ് ബ്ലാങ്കില്‍ പല തവണ വെടിയേറ്റതിനാല്‍ സ്വന്തം കടയുടെ പാര്‍ക്കിങ് ലോട്ടില്‍ തന്നെ ഇവര്വീണു മരിക്കുകയായിരുന്നു. നേരത്തെ ഇവര്‍ വിളിച്ചതനുസരിച്ച് അപ്പോള്‍ പോലീസ് സ്ഥലത്തെത്തിയെങ്കിലും അക്രമി രക്ഷപെട്ടിരുന്നു. കിരണിനെ പോലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവര്‍ അതിനു മുമ്പു തന്നെ മരിച്ചിരുന്നു. കൊലയാളിക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മോഷണ ശ്രമം ചെറുക്കുന്നതിനിടെ ഇന്ത്യന്‍ സംരംഭക അമേരിക്കയില്‍ വെടിയേറ്റു മരിച്ചു, രക്ഷപെട്ട അക്രമിയെ തിരയുന്നു

