കൊച്ചി: ദീപാവലി സമ്മാനമായി ജഎസ്ടി നിരക്കുകള്‍ അടിമുടി അഴിച്ചുപണിയുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ജനങ്ങള്‍ വരവേല്‍ക്കുമ്പോഴും ബാലഗോപാലിനു നെഞ്ചിടിപ്പു കൂട്ടുകയേയുള്ളൂ. സംസ്ഥാന ധനകാര്യ മന്ത്രിയെന്ന നിലയില്‍ ഏറ്റവും വരുമാനം നേടിത്തരുന്ന നിധികുംഭമാണ് അദ്ദേഹത്തിനു ലോട്ടറികള്‍. ഭാഗ്യന്വേഷികളായ അയ്യോപാവങ്ങള്‍ ഇടിച്ചു കയറി ബമ്പറും അല്ലാത്തതുമായ ടിക്കറ്റുകളെടുക്കുന്നതാണ് സര്‍ക്കാരിന്റെ ഉറപ്പുള്ള വരുമാനങ്ങളിലൊന്ന്.
എന്നാല്‍ പ്രധാനമന്ത്രി നല്‍കുന്ന സൂചനകളനുസരിച്ച് ദീപാവലി മുതല്‍ രണ്ടു സ്ലാബിലുള്ള ജിഎസ്ടി മാത്രമായിരിക്കും ഉണ്ടായിരിക്കുക. അഞ്ചു ശതമാനത്തിന്റെ സ്ലാബും പതിനെട്ടു ശതമാനത്തിന്റെ സ്ലാബും. ഇതിലല്ല പ്രശ്‌നം. ഇവ രണ്ടിലും ഉള്‍പ്പെടുത്താതെയാണ് ഹാനികരമായ ഉല്‍പ്പന്നങ്ങളെയും അത്തരം സേവനങ്ങളെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവയ്ക്കു മാത്രം ജിഎസ്ടി നാല്‍പതു ശതമാനമായിരിക്കും. ഹിതകരമല്ലാത്ത ഉല്‍പ്പന്നങ്ങളിലാണ് സിഗരറ്റ് പുകയിലയൊക്കെ വരുന്നത്. അതുപോലെ ഹിതകരമല്ലാത്ത സേവനങ്ങളിലാണ് എല്ലാത്തരം ഗെയ്മിങ്ങും വരുന്നത്. ലോട്ടറിയെയും ഉള്‍പ്പെടുത്തിയിരിക്കുന്നത് ഗെയിമിങ്ങിന്റെ ഗണത്തിലായതാണ് യഥാര്‍ഥ വെല്ലുവിളി.
നിലവില്‍ ലോട്ടറിക്ക് 28 ശതമാനമാണ് ജിഎസ്ടി. പഞ്ചാബ്, മഹാരാഷ്ട്ര, ഗോവ, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളാണ് കേരളത്തിനു പുറമെ ലോട്ടറിയിടപാട് നടത്തുന്നത്.. ഇവയ്‌ക്കെല്ലാം ജിഎസ്ടി ഭീഷണിയുമുണ്ട്. 40 ശതമാനം ജിഎസ്ടി വന്നാല്‍ ലോട്ടറിക്കു വില അതിനനുസരിച്ച് കൂട്ടേണ്ടതായി വരും. അങ്ങനെയെങ്കില്‍ കച്ചവടം കുറയുന്നതു വരുമാനം കുറയുന്നതിനു കാരണമാകുമെന്നുറപ്പ്. ഇതു തന്നെ സര്‍ക്കാരിന്റെ ആശങ്ക.
ദീപാവലി അടുക്കുമ്പോള്‍ ബാലഗോപാലിന് ആശങ്ക, എട്ടിന്റെ പണിവരുമോ
