ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ജിഎസ്ടി നിരക്കു മാറ്റം അംഗീകാരത്തിന്റെ ഒന്നാം ഘട്ടം കഴിഞ്ഞു. വ്യാഴാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിതല സമിതി പുതിയ നിരക്കുകള്‍ക്ക് അംഗീകാരം നല്‍കി. ഇനി സംസ്ഥാനങ്ങളുടെ പ്രതിനിധികള്‍ കൂടി ഉള്‍പ്പെടുന്നു ജിഎസ്ടി കൗണ്‍സിലിന്റെ അനുമതി കൂടി ലഭിക്കണം. അതിനും തടസമുണ്ടായേക്കില്ല. കാരണം ഭൂരിഭാഗം സംസ്ഥാനങ്ങളിലും ബിജെപിയോ എന്‍ഡിഎയോ ഭരിക്കുന്ന സാഹചര്യത്തില്‍ അവര്‍ക്ക് കേന്ദ്ര തീരുമാനത്തെ എതിര്‍ക്കാനാവില്ല.
നിലവിലുള്ള ജിഎസ്ടി നിരക്കുകളില്‍ 12, 28 ശതമാനത്തിന്റെ സ്ലാബുകള്‍ ഒഴിവാക്കിയുള്ളതാണ് പുതിയ സ്ലാബുകള്‍. ഈ തീരുമാനം ജിഎസ്ടി കൗണ്‍സില്‍ കൂടി അംഗീകരിച്ച് നടപ്പായി കഴിഞ്ഞാല്‍ രാജ്യത്താകെ മഹാഭൂരിപക്ഷം ഉല്‍പ്പന്നങ്ങള്‍ക്കും അഞ്ചു ശതമാനമോ പതിനെട്ടു ശതമാനമോ മാത്രമായിരിക്കും ജിഎസ്ടി. ഇതിന് പുറത്ത് ജിഎസ്ടി വരുന്നത് പുകയില ഉല്‍പ്പന്നങ്ങള്‍, ആഡംബര കാറുകള്‍ തുടങ്ങി ചുരുക്കം ഉല്‍പ്പന്നങ്ങള്‍ക്കു മാത്രമായിരിക്കും. ഇപ്പോള്‍ 12 ശതമാനം സ്ലാബില്‍ വരുന്ന ഭൂരിപക്ഷം ഉല്‍പ്പന്നങ്ങളും അഞ്ചു ശതമാനത്തിലേക്കു താഴും. അതുപോലെ 28 ശതമാനമുള്ളവ 18 ശതമാനത്തിലുമെത്തും.
പന്ത്രണ്ടും ഇരുപത്തെട്ടും പോയി അഞ്ചും പതിനെട്ടുമാകുന്ന ജിഎസ്ടിക്ക് അംഗീകാരം
