ഇതുവരെ വിക്കിപീഡിയ എന്നത് അറിവു നേടുന്നതിന്റെ അവസാന വാക്ക് എന്നതു പോലെയാണ് കരുതപ്പെട്ടിരുന്നതെങ്കില്‍ ഇനി ജനകോടികളുടെ വിശ്വസ്ത ഓണ്‍ലൈന്‍ വിജ്ഞാനകോശത്തിനു വെല്ലുവിളിയായി മസ്‌കിന്റെ ഗ്രോക്കിപീഡിയ മാറുമോ. കണ്ടുതന്നെ അറിയണം കാര്യങ്ങളുടെ പോക്ക് എങ്ങോട്ടെന്ന്. മസ്‌ക് നിനപ്പേന്‍, മുടിപ്പേന്‍ എന്നതാണ് പ്രമാണമെങ്കില്‍ ഗ്രോക്കി പീഡിയ ഇവിടെങ്ങും നില്‍ക്കാന്‍ പോകുന്നില്ല, വിക്കിയെ പൂട്ടുക തന്നെ ചെയ്യും. എന്തായാലും ഗ്രോക്കിയുടെ ഒന്നാം എഡിഷന്‍ ഇറങ്ങിക്കഴിഞ്ഞു. 8.85 ലക്ഷം ലേഖനങ്ങളാണ് ഗ്രോക്കിപീഡിയ 0.1 എഡിഷനിലുള്ളത്. കാലം ഇത്രയും എടുത്തിട്ടാണെങ്കിലും ലോകം മുഴുവനുള്ള ആള്‍ക്കാര്‍ കൈമെയ് മറന്നു സഹായിച്ചിട്ടാണെങ്കിലും വിക്കിയിലുള്ളത് എഴുപത് ലക്ഷത്തിലധികം ലേഖനങ്ങളാണെന്നോര്‍ക്കുക. ഗ്രോക്കി ശൈശവദശയിലാണെങ്കിലും വിക്കിയെ വെല്ലുവിളിക്കാന്‍ ഇതൊന്നും പോരെന്നര്‍ഥം.
വിക്കിപീഡിയയ്ക്ക് ഇടതുപക്ഷ ചായ്‌വ് ആണെന്നതാണ് ലോകത്തിലെ ടെക് അധിഷ്ഠിത വ്യവസായ ലോകത്തെ ഭീമന്‍മാരിലൊരാളായ ഇലോണ്‍ മസ്‌കിന്റെ ആക്ഷേപം. ഈ പ്രശ്‌നം പരിഹരിക്കാനാണ് ഗ്രോക്കിയിലൂടെ ശ്രമിക്കുന്നത്. വൈകാതെ ഗ്രോക്കിപീഡിയയുടെ 1.0 പതിപ്പ് ഇറങ്ങുമെന്നും ഇപ്പോഴത്തേതിനെക്കാള്‍ പതിന്മടങ്ങ് വിപുലമായിരിക്കും അതെന്നുമാണ് മസ്‌കിന്റെ അവകാശ വാദം. വിക്കിപീഡിയയില്‍ നിന്നും വ്യത്യസ്തമായി സത്യസന്ധമായ വിവരങ്ങള്‍ മാത്രമായിരിക്കും ഗ്രോക്കിപീഡിയയില്‍ ഉള്ളതെന്നാണ് മസ്‌ക് അവകാശപ്പെടുന്നത്.

