ഇന്ത്യയില്‍ ഇരുചക്ര വൈദ്യുതി വാഹനങ്ങളുടെ കച്ചവടം കുത്തനെ കുറയുന്നു, പിന്നില്‍ ചൈന

മുംബൈ: ഇന്ത്യയിലെ ഇരുചക്ര ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പന കുത്തനെ ഇടിയുന്നു. ജൂലൈ-സെപ്റ്റംബര്‍ സാമ്പത്തിക പാദത്തില്‍ എഴുപത്തഞ്ച് ശതമാനം കുറവാണ് ഇക്കാര്യത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര ഗവണ്‍മെന്റിന്റെ വാഹന്‍ പോര്‍ട്ടലിലെ കണക്ക് പ്രകാരം 35908 വാഹനങ്ങള്‍ മാത്രമാണ് ഇക്കാലയളവില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1.44 ലക്ഷം വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇലക്ട്രിക് വാഹനങ്ങളുടെ ഉല്‍പാദനം കുറഞ്ഞതാണ് കച്ചവടം കുറയാനുണ്ടായ കാരണമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇത്തരം വാഹനങ്ങളുടെ നിര്‍മാണത്തിന് ആവശ്യമായ ആപൂര്‍വ ധാതുക്കളുടെ കയറ്റുമതിക്ക് ചൈന നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് വാഹന നിര്‍മാണം കുറയുന്നതിനു കാരണമായി പറയുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ ഉല്‍പാദനത്തിന് ഒരു വര്‍ഷം 7500 ടണ്‍ അപൂര്‍വ ധാതുക്കള്‍ വേണമെന്നാണ് കണക്ക്. ഇവ ഇന്ത്യ പൂര്‍ണമായി ഇറക്കുമതി ചെയ്യുകയാണ്. ഇതില്‍ എണ്‍പതു ശതമാനവും ചൈനയില്‍ നിന്നാണ്. അപൂര്‍വ ധാതുക്കളുടെ ലഭ്യത കുറഞ്ഞാല്‍ ഇലക്ട്രിക് വാഹനങ്ങളുടെ ഉല്‍പാദനവും വിപണനവും കുറയുമെന്നു പണ്ടേ കരുതപ്പെടുന്നതാണ്. അതു തന്നെയാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നതും. ഇനി ധാതുലഭ്യത നേരെയായാലും കച്ചവടം പഴയ നിലയിലെത്തണമെങ്കില്‍ ആറു മാസമെങ്കിലും പിടിക്കുകയും ചെയ്യും.