അമേരിക്കയോടു കരുണ തേടി വയോധിക, മുപ്പത്തിനാലു വര്‍ഷം തുടര്‍ച്ചയായി അമേരിക്കയില്‍, ഇനി കയറ്റി അയയ്ക്കരുതെന്ന്

സാന്‍ഫ്രാന്‍സിസ്‌കോ: കഴിഞ്ഞ മുപ്പത്തിനാലു വര്‍ഷം തുടര്‍ച്ചയായി അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ താമസിക്കുകയായിരുന്ന വയോധികയെ അനധികൃത താമസത്തിന് അറസ്റ്റ് ചെയ്തു തടവിലാക്കിയതില്‍ പ്രതിഷേധം പുകയുന്നു. രോഗിയും വിധവയും അനാഥയുമായ ഇവരെ മരുന്നുകളോ വൈദ്യസഹായമോ നല്‍കാതെയാണ് തടവിലാക്കിയിരിക്കുന്നതെന്നും പറയപ്പെടുന്നു. പഞ്ചാബില്‍ വേരുകളുള്ള ഹര്‍ജിത് കൗര്‍ എന്ന എഴുപത്തിമൂന്നുകാരിയെയാണ് സാന്‍ഫ്രാന്‍സിസ്‌കോയിലെ ഡിറ്റന്‍ഷന്‍ സെന്ററിലേക്ക് വിലങ്ങുവച്ച് കൊണ്ടുപോകുകയും അവിടെ പാര്‍പ്പിക്കുകയും ചെയ്തിരിക്കുന്നത്. 1991ലാണ് കൗര്‍ അവരുടെ രണ്ടു മക്കളുടെ കൂടെ അമേരിക്കയിലെത്തുന്നത്. അന്നു മുതല്‍ അസൈലം അപേക്ഷ കൊടുത്തു കാത്തിരിക്കുകയായിരുന്നു ഇവര്‍. അവസാനത്തെ അപേക്ഷ 2012ല്‍ തള്ളപ്പെട്ടുവെങ്കിലും താമസം തുടര്‍്ന്ന അവരെ ഈ മാസം ആദ്യമാണ് അറസ്റ്റു ചെയ്തത്. ഇന്ത്യയില്‍ വീടോ അടുത്ത ബന്ധുക്കളോ ആരുമില്ലാത്തതിനാല്‍ അവിടേക്കു പോകുന്നതിനും ഇവര്‍ക്കു നിര്‍വാഹമില്ലായിരുന്നു.
അമേരിക്കയിലെ ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് (ഐസിഇ) വിഭാഗം പറയുന്നതനുസരിച്ച് അവര്‍ അനധികൃത താമസക്കാരിയാണ്. ഇവരെ പുറത്താക്കണമെന്ന് 2005ല്‍ കോടതി വിധിയുള്ളതുമാണ്. എന്നാല്‍ ഇത്രയും കാലം ഇവര്‍ ഇവിടെത്തന്നെ തുടരുകയായിരുന്നു. ഇവര്‍ അഭയം അനുവദിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ അപേക്ഷകള്‍ അംഗീകരിക്കപ്പെട്ടിട്ടുമില്ല. അതിനാല്‍ സ്വദേശത്തേക്ക് കയറ്റിവിടുകയല്ലാതെ മറ്റൊരു വഴിയും തങ്ങള്‍ക്കു മുന്നിലില്ല.
എന്നാല്‍ മാനുഷികമായ പരിഗണന ഈ വയോധികയോടു കാട്ടണമെന്നാണ് ഇവര്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തുന്ന പ്രാദേശിക സമൂഹം ആവശ്യപ്പെടുന്നത്. ഇവരോടു കാട്ടുന്നത് മാനുഷിക പരിഗണനയില്ലാത്തതും അപമാനകരവുമായ കാര്യമാണെന്ന് കാലിഫോര്‍ണിയയിലെ സ്‌റ്റേറ്റ് സെനറ്റര്‍ ജെസ്സേ ആരഗ്വിന്‍ പറയുന്നു. അവിടെ നിന്നുള്ള കോണ്‍ഗ്രസ് അംഗം ഇവര്‍ക്കു നീതി നടത്തിക്കൊടുക്കണമെന്നാവശ്യപ്പെട്ട് ഐസിഇക്കു വീണ്ടും നിവേദനം നല്‍കിയിരിക്കുകയാണ്. ഐസിഇ കസ്റ്റഡിയില്‍ ഇവരോട് വളരെ അപമര്യാദയായാണ് പെരുമാറിയതെന്ന് കൗറിന്റെ വക്കീല്‍ ദീപക് അലുവാലിയ ആരോപിച്ചു. രോഗിയായ ഇവര്‍ക്ക് മരുന്നുകളും വൈദ്യസഹായവും നിഷേധിച്ചിരിക്കുകയാണ്. കുടിവെള്ളം പോലും കൊടുക്കാതെ തറയിലാണ് ഇരുത്തിയിരിക്കുന്നത്. രണ്ടുകാലിന്റെയും മുട്ടുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ചെയ്ത ഒരു വൃദ്ധയോടാണ് ഇത്തരത്തിലുള്ള പെരുമാറ്റമെന്ന് അദ്ദേഹം ആരോപിച്ചു.