തിരുവനന്തപുരം: നാലു വര്‍ഷം മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച വിഭജന ഭീതി ദിനം ഇക്കൊല്ലം ഓഗസ്റ്റ് 14ന് ആചരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാര്‍ക്ക് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ നിര്‍ദേശം നല്കി. ഇന്ത്യ-പാക് വിഭജനത്തിന്റെ പശ്ചത്തലത്തിലാണ് വിഭജന ഭീതി ദിനം എന്ന പുതിയ ദിനാചരണം വേണമെന്ന് 2021ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശിച്ചത്.
എന്നാല്‍ അതിനു ശേഷം കഴിഞ്ഞ വര്‍ഷം വരെ കാര്യമായ പ്രതികരണമൊന്നും ആരും ഇക്കാര്യത്തില്‍ നല്കിയിരുന്നതുമില്ല. കഴിഞ്ഞ വര്‍ഷം ഇതേ രീതിയിലുള്ള നിര്‍ദേശം യുജിസിയില്‍ നിന്നും യൂണിവേഴ്സിറ്റികള്‍ക്കു ലഭിച്ചിരുന്നതാണ്. എന്നാല്‍ കേരളത്തിലെ സര്‍വകലാശാലകളൊന്നും ഈ നിര്‍ദേശം പാലിച്ചതായി അറിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇക്കൊല്ലം സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ വിഭജന ഭീതി ദിനം ആചരിക്കണമെന്നാവശ്യപ്പെട്ട് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. എല്ലാ വൈസ് ചാന്‍സലര്‍മാരും വിദ്യാര്‍ഥികളും ദിനാചരണത്തില്‍ പങ്കെടുക്കണമെന്നാണ് സര്‍ക്കുലറിലുള്ളത്. സര്‍വകലാശാലകള്‍ ഇതേ വിഷയത്തില്‍ സെമിനാറുകള്‍ സംഘടിപ്പിക്കുന്നതിനു പുറമെ വിഭജനത്തിന്റെ ഭീകരത തുറന്നു കാട്ടുന്ന കലാരൂപങ്ങള്‍ അവതരിപ്പിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശമുണ്ട്.
വിഭജന ഭീതിദിനം ആചരിക്കാന്‍ നിര്‍ദേശിച്ച് ഗവര്‍ണര്‍
