ലണ്ടന്‍: ബ്രിട്ടനിലെ അതിസമ്പന്നരിലൊരാളും ഹിന്ദുജ ഗ്രൂപ്പ് ചെയര്‍മാനുമായ ഗോപിചന്ദ് പി ഹിന്ദുജ ലണ്ടനില്‍ അന്തരിച്ചു. അദ്ദേഹത്തിന് 85 വയസായിരുന്നു. ഹിന്ദുജ കുടുംബത്തിലെ രണ്ടാം തലമുറയില്‍ ഉള്‍പ്പെടുന്ന ഗോപിചന്ദ് മൂത്ത സഹോദരന്‍ അന്തരിച്ചതിനെ തുടര്‍ന്ന് രണ്ടു വര്‍ഷം മുമ്പാണ് ഹിന്ദുജ ഗ്രൂപ്പിന്റെ ചെയര്‍മാനായി സ്ഥാനമേറ്റത്. ഹിന്ദുജ ഗ്രൂപ്പിനെ ആഗോള തലത്തില്‍ വലിയ കോര്‍പ്പറേറ്റ് സ്ഥാപനമാക്കുന്നതില്‍ നിര്‍ണായക പങ്കാണ് ഇദ്ദേഹം വഹിച്ചത്.
1959ല്‍ മുംബൈയിലെ ജയ്ഹിന്ദ് കോളജില്‍ നിന്ന് ബിരുദം കരസ്ഥമാക്കിയതിനു ശേഷമാണ് ലണ്ടനിലെത്തുന്നത്. യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റ്മിനിസ്റ്ററില്‍ നിന്നും ലണ്ടനിലെ റിച്ച്മണ്ട് കോളജില്‍ നിന്നും നിയമത്തിലും സാമ്പത്തിക ശാസ്ത്രത്തിലും ഡോക്ടറേറ്റുകള്‍ നേടിയിരുന്നു. ഇതിനു പുറമെ ഓണററി അക്കാദമിക് പദവികളും ലഭിച്ചിട്ടുണ്ട്. 1984ല്‍ ഗള്‍ഫ് ഓയില്‍ ഏറ്റെടുത്തതും 1987ല്‍ അശോക് ലൈലാന്‍ഡ് ഏറ്റെടുത്തതും അദ്ദേഹമെടുത്ത നിര്‍ണായക തീരുമാനങ്ങളായിരുന്നു. ബാങ്കിങ്, ധനകാര്യം, ഊര്‍ജം, മാധ്യമങ്ങള്‍, ട്രക്കുകള്‍, കേബിള്‍ ടെലിവിഷന്‍, എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ വ്യാപിച്ചു കിടക്കുന്ന ബഹുരാഷ്ട്ര കമ്പനിയാണ് ഹിന്ദുജ ഗ്രൂപ്പ്.

