ഇന്ത്യയിലെ കോളജ് വിദ്യാര്‍ഥികള്‍ക്ക് നിരവധി സൗജന്യ എഐ സേവനങ്ങളുമായി ഗൂഗിള്‍. വളരെ വിപുലമായ പ്രവര്‍ത്തന മേഖലകളും പ്രവര്‍ത്തനരീതികളുമുള്ള ഗൂഗിള്‍ ജമിനൈ പ്രോ ആണ് വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക സ്റ്റുഡന്റ് ഓഫര്‍ അവതരിപ്പിക്കുന്നത്. യോഗ്യതയുള്ള കോളജ് വിദ്യാര്‍ഥികള്‍ക്ക് ഈ അധ്യയന വര്‍ഷം മുഴുവന്‍ ഗൂഗിള്‍ എഐ പ്രോ സൗജന്യമായി ഉപയോഗിക്കാം. രണ്ടായിരം രൂപയോളം വിലയുള്ള ജെമിനൈ പ്രോ സേവനങ്ങളാണ് ഇങ്ങനെ സൗജന്യമായി ലഭിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് പതിനെട്ടു വയസിനു മുകളിലായിരിക്കണം പ്രായം.
സൗജന്യ അപ്‌ഗ്രേഡില്‍ ലഭ്യമായ പ്രധാന സേവനങ്ങള്‍ ഇവയാണ്.
ഹോംവര്‍ക്ക് ചെയ്യാന്‍ സഹായം: അസൈന്‍മെന്റിന്റെ ചിത്രമോ ഫയലോ അപ്ലോഡ് ചെയ്താല്‍ പ്രയാസമേറിയ ചോദ്യങ്ങള്‍ക്ക് ജെമിനൈ വ്യക്തവും ഘട്ടംഘട്ടമായുള്ളതുമായ മാര്‍ഗനിര്‍ദേശം നല്‍കും.
പരീക്ഷാ സഹായി: നോട്ടുകളും സ്ലൈഡുകളും സ്റ്റഡി ഗൈഡുകളാക്കി മാറ്റാനും പ്രാക്ടീസ് ടെസ്റ്റുകള്‍ ഉണ്ടാക്കാനും ലക്ചര്‍ നോട്ടുകള്‍ വേഗത്തില്‍ സംഗ്രഹിക്കാനും ജമിനൈ ഉപയോഗിക്കാം. നോട്ടുകളില്‍ നിന്ന് ഓഡിയോ പോഡ്കാസ്റ്റുകള്‍ ഉണ്ടാക്കാനും അവസരമുണ്ട്.
ഫയലുകളും മറ്റു പഠനസംബന്ധമായ കാര്യങ്ങളും സൂക്ഷിക്കാന്‍ രണ്ടു ടിബി സൗജന്യ ക്ലൗഡ് സ്റ്റോറേജും ലഭിക്കും.
ഈ മാസം 30 വരെ സൈന്‍ അപ് ചെയ്യാന്‍ അവസരമുണ്ട്. അടുത്ത വര്‍ഷം ജൂണ്‍ 30 വരെ സൗജന്യമായി ഉപയോഗിക്കാം. അതിനു ശേഷം പണം കൊടുത്ത് വാങ്ങണമെന്ന് നിര്‍ബന്ധമില്ല.
ഇന്ത്യയിലെ കോളജ് വിദ്യാര്‍ഥികള്‍ക്ക് ഒരു വര്‍ഷത്തേക്ക് പൂര്‍ണ സൗജന്യ സേവനവുമായി ജമിനൈ എഐ പ്രോ

