പൊന്നു പൂശിയ സ്രാവോ, കണ്ടവരൊക്കെ അതിശയിച്ചു. പിന്നെയല്ലേ സത്യാവസ്ഥ അറിഞ്ഞത്

സാൻ ഹോസെ: സ്രാവുകളുടെ പതിവ് നിറങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായി സുവര്‍ണ സ്രാവിനെ കടല്‍ സഞ്ചാരികള്‍ കണ്ടെത്തി. തങ്ങള്‍ കണ്ടെത്തിയത് ഏതിനം മത്സ്യത്തെയാണെന്നു തിരിച്ചറിയാതെ യാത്രികര്‍ പലവിധ നിഗമനങ്ങളിലെത്തിയപ്പോള്‍ സ്രാവ് തന്നെയാണെന്ന് ഗവേഷകര്‍ സ്ഥിരീകരിക്കുകയും ചെയ്തു.കോസ്റ്റാറിക്കയിലെ ടോര്‍ച്ചുഗീറോ ദേശിയോദ്യാനത്തിന് പ്രദേശത്തെ കടലില്‍ കഴിഞ്ഞ വര്‍ഷമാണ് അപൂര്‍വങ്ങളില്‍ അപൂര്‍വമായ സ്രാവിനെ കണ്ടെത്തിയത്. അന്നു മുതല്‍ ഇതു സംബന്ധിച്ച് പഠനം നടത്തുകയായിരുന്ന ശാസ്ത്രജ്ഞര്‍ ശാസ്ത്ര മാസികയായ മറൈന്‍ ബയോളജി ജേര്‍ണലിന്റെ കഴിഞ്ഞ ലക്കത്തിലാണ് കടല്‍ സഞ്ചാരികള്‍ കണ്ടെത്തിയത് സ്രാവിനെ തന്നെയാണെന്നു സ്ഥിരീകരിക്കുന്നത്.
കടലിലേക്ക് യാത്രികരുമായി പോയ പാരിസിമ ഡോമസ് സീ എന്ന ടൂര്‍ കമ്പനിയാണ് അത്ഭൂതസ്രാവിന്റെ ചിത്രം ആദ്യമായി പോസ്റ്റ് ചെയ്യുന്നത്. കമ്പനിയുടെ ആഭിമുഖ്യത്തില്‍ കടലിലേക്ക് ഒരു മത്സ്യബന്ധന ഉല്ലാസയാത്ര നടത്തുകയായിരുന്നു. ഇതിനിടെയാണ് കടലിന്റെ 37 മീറ്റര്‍ താഴ്ചയില്‍ സുവര്‍ണ സ്രാവിനെ ലൊക്കേറ്റ് ചെയ്യുന്നത്. തങ്ങള്‍ കടലിലെ ഗോള്‍ഡന്‍ ഫിഷിനെ കണ്ടെന്നാണിവര്‍ ഗവേഷകരോടു വെളിപ്പെടുത്തിയത്. അതോടെയാണ് ഗവേഷകരുടെ ശ്രദ്ധ ഈ മത്സ്യത്തിലേക്കു പതിയുന്നത്.
ആല്‍ബനിസം, സാന്തനിസം എന്നീ രണ്ടു പ്രതിഭാസങ്ങളാണ് സ്രാവിന്റെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നതെന്നു ശാസ്ത്രജ്ഞര്‍ പറയുന്നു. ഇവ മൂലം സ്വാഭാവികമായ മെലനിന്‍ ഉത്പാദനം സ്രാവില്‍ നടക്കാതെ പോകുന്നു. സാധാരണയായി മെലനില്‍ ഉണ്ടാകാതെയിരിക്കുമ്പോള്‍ മനുഷ്യരുള്‍പ്പെടെ ഏതു ജീവിയും വെളുത്തവരായി മാറുകയാണ് ചെയ്യുന്നത്. ഇങ്ങെയുള്ളവയെയാണ് ആല്‍ബിനോകള്‍ എന്നു വിളിക്കുന്നത്. അതിനൊപ്പം സാന്തനിസം എന്ന പ്രതിഭാസം കൂടി സംഭവിക്കുന്നതുകൊണ്ടാണ് സ്രാവുകള്‍ സുവര്‍ണ നിറമുള്ളവരായത്. ഇതുവരെ ഇങ്ങനെയുള്ള സ്രാവിനെ കണ്ടെത്താന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ലെന്നും അവര്‍ വെളിപ്പെടുത്തി.