ഒടുവില്‍ തിരികെ അയ്യപ്പന്റെ തിരുനടയില്‍. ചൈന്നൈയില്‍ നിന്നു സ്വര്‍ണപ്പാളികള്‍ തിരികെ സന്നിധാനത്തെത്തിച്ചു

പമ്പ: മലയിറങ്ങി വാളയാറും കടന്ന് സംസ്ഥാനത്തിനു പുറത്തേക്കു പോയ സ്വര്‍ണപ്പാളികള്‍ ഒടുവിലിതാ നടകയരി തിരികെ സന്നിധാനത്തെത്തിയിരിക്കുന്നു. ഹൈക്കോടതി ദേവസ്വം ബഞ്ചിന്റെ കര്‍ശനമായ ഉത്തരവിനെ തുടര്‍ന്ന് ചെന്നൈയില്‍ നിന്നു സ്വര്‍ണപ്പാളികള്‍ തിരികെയെത്തിക്കുകയായിരുന്നു. ഇനി ഇവ എന്താണു ചെയ്യേണ്ടതെന്ന് ഹൈക്കോടതിയോടു തന്നെ ആരായാനാണ് തീരുമാനം. ഹൈക്കോടതി മാര്‍ഗനിര്‍ദേശം നല്‍കുന്നതു വരെ ഇവ സ്‌ട്രോങ്ങ് റൂമിലായിരിക്കും സൂക്ഷിക്കുകയെന്ന് ദേവസ്വം വൃത്തങ്ങള്‍ അറിയിച്ചു.
സന്നിധാനത്തിനു ചേര്‍ന്നുള്ള ദ്വാരപാലക ശില്‍പങ്ങളെ പൊതിഞ്ഞിരിക്കുന്നതാണ് വിവാദത്തിലായ സ്വര്‍ണപ്പാളികള്‍. ഇവ കാലക്രമത്തില്‍ നിറംമങ്ങിയതിനാല്‍ വീണ്ടും സ്വര്‍ണം പൂശുന്നതിനാണ് ചെന്നൈയിലേക്കു കൊണ്ടുപോയെന്നാണ് ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചത്. അതിനെതിരേ കോടതി കര്‍ശനമായ നിലപാടാണ് സ്വീകരിച്ചത്. ഈ വിഷയം അന്വേഷിക്കാന്‍ ദേവസ്വം വിജിലന്‍സിനെയും കോടതി ചുമതലപ്പെടുത്തുകയുണ്ടായി. അതിനാല്‍ കോടതിയുടെ അനുമതിയോടെ മാത്രമായിരിക്കും തുടര്‍ നടപടികള്‍.