കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലൂടെയുള്ള സ്വര്‍ണക്കടത്തിനു സഹായം ചെയ്തതിന്റെ പേരില്‍ കൊച്ചി സ്വദേശിയായ കസ്റ്റംസ് പ്രിവന്റീവ് ഇന്‍സ്പെക്ടറെ ജോലിയില്‍ നിന്നു പിരിച്ചു വിട്ടു. മറ്റൊരു മലയാളി കസ്റ്റംസ് ഉദ്യോഗസ്ഥനെതിരായ അന്വേഷണവും അന്തിമ ഘട്ടത്തിലാണ്. എറണാകുളം കലൂര്‍ സ്വദേശി കെ എ അനീഷിനാണ് അവിഹിത ഇടപാടിന്റെ പേരില്‍ ജോലി നഷ്ടമായത്. സ്വര്‍ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് ആറു വര്‍ഷത്തിനിടെ പണി തെറിക്കുന്ന കേരള കസ്റ്റംസിലെ പതിനാലാമത്തെ ഉദ്യോഗസ്ഥനാണ് അനീഷ്. മറ്റൊരു കസ്റ്റംസ് ഇന്‍സ്പെക്ടര്‍ ആലപ്പുഴ സ്വദേശിയായ എസ് നിതിനെതിരായ അന്വേഷണമാണ് ഏറക്കുറേ പൂര്‍ത്തിയായിരിക്കുന്നത്. രാജ്യത്ത് ഒരു സംസ്ഥാനത്തു നിന്നു മാത്രം ഏറ്റവും കൂടുതല്‍ പേര് പിരിച്ചു വിടപ്പെട്ടത് കേരളത്തില്‍ നിന്നാണ്.
തിരുവനന്തപുരം വിമാനത്താവളത്തില്‍ കസ്റ്റംസ് വിഭാഗത്തില്‍ ജോലിയിലിരിക്കെ 2023ല്‍ ഇവരുടെ അറിവോടെ സ്വര്‍ണം കടത്തി എന്നതാണ് കേസ്. ഈ വഴിവിട്ട സഹായത്തിന്റെ പേരില്‍ ഇവരെ റവന്യൂ ഇന്റലിജന്‍സ് വിഭാഗമായിരുന്നു അറസ്റ്റ് ചെയ്തത്. അബുദാബിയില്‍ നിന്നു വന്ന വിമാനത്തില്‍ നിന്നു നാലുകിലോയോളം സ്വര്‍ണവുമായി അറസ്റ്റു ചെയ്യപ്പെട്ട രണ്ടുപേര്‍ ഈ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് സ്വര്‍ണം കടത്തിയതെന്ന് മൊഴി നല്‍കിയതോടെയാണ് അനീഷും നിതിനും പിടിയിലായത്.
സ്വര്‍ണക്കടത്തിനു കൂട്ട്, ഒരാളെ പിരിച്ചുവിട്ടു
