തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണ വിലയിലെ ഇടിവ് തുടരുന്നു. വ്യാഴാഴ്ച രാവിലെ കുത്തനെയാണ് സ്വര്‍ണവില താഴേക്കു പോയത്. എന്നാല്‍ ഉച്ചയ്ക്കു ശേഷം വര്‍ധിച്ചുവെങ്കിലും രാവിലെയുണ്ടായ ഇടിവിനെക്കാള്‍ കുറഞ്ഞ കയറ്റം മാത്രമാണ് രേഖപ്പെടുത്തിയത്. രാവിലെ പവന് 1400 രൂപ കുറഞ്ഞ സ്ഥാനത്ത് ഉച്ചയ്ക്കു ശേഷം കൂടിയത് 720 രൂപ മാത്രമായിരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് രാവിലെ 155 കുറഞ്ഞ സ്ഥാനത്ത് ഉച്ചയ്ക്കു ശേഷം 90 രൂപ വര്‍ധിക്കുകയും ചെയ്തു.
സമീപകാലത്തെ ഏറ്റവും വലിയ ഇടിവാണ് സ്വര്‍ണ വിലയില്‍ രാവിലെയുണ്ടായത്. ഇതോടെ സ്വര്‍ണം താഴേക്കുള്ള ഇറക്കം അതിവേഗമായിരിക്കുമെന്ന ധാരണ വിപണിയില്‍ ശക്തിപ്പെട്ടിരുന്നു. ഒരു പവന്റെ വില 1400 രൂപ താഴ്ന്നതോടെ 88360 രൂപയിലായിരുന്നു എത്തി നിന്നത്. ഏതാനും ദിവസം മുമ്പ് പവന് 95000 രൂപ പിന്നിട്ടിരുന്ന സ്ഥാനത്താണ് മൂന്നാഴ്ചത്തെ ഇടവേളയില്‍ ഇടിവ് ഇത്ര ശക്തമായി മാറിയത്. ഇത് സ്വര്‍ണത്തിന്റെ ഇടിഎഫുകളിലും ഫ്യൂച്ചേഴ്‌സിലുമൊക്കെ നിഴലിക്കുകയും ചെയ്തു. ഒരു ഗ്രാം സ്വര്‍ണത്തിന് 175 രൂപ കുറഞ്ഞതോടെ 11045 രൂപയായി താഴുകയും ചെയ്തു. 22 കാരറ്റ് സ്വര്‍ണത്തിന് വില കയറിക്കൊണ്ടിരുന്ന കാലത്ത് വിപണി പിടിച്ച 18 ഗ്രാം സ്വര്‍ണത്തിന് രാവിലെ ഗ്രാമിന് 155 രൂപ എന്ന തോതില്‍ വില കുറഞ്ഞതോടെ 9120 രൂപയിലേക്ക് വില താഴ്ന്നു.
വൈകുന്നേരത്തോടെ 22 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന്റെ വില 11,135 രൂപയായും പവന്റെ വില 89080 രൂപയായും ഉയര്‍ന്നു. എന്നിരിക്കില്ലും ഈ വിലക്കയറ്റം വിശ്വസിക്കാനാവാത്തതാണ് എന്ന ധാരണയാണ് വിപണിയിലെങ്ങുമുള്ളത്. വില ഉയരുന്നത് അസ്വാഭാവികവും കുറയുന്നത് സ്വാഭാവികവും എന്ന ധാരണ പരക്കുന്നത് പല തരത്തില്‍ സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നവരെ സംബന്ധിച്ച് ആശങ്കാജനകമായി മാറുകയുമാണ്.

