കൊച്ചി: ഒരു പവന്‍ സ്വര്‍ണത്തിന് ഒരു ലക്ഷം രൂപ തൊടുമെന്ന പ്രവചനങ്ങള്‍ക്കിടെ സ്വര്‍ണത്തിന്റെ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഗണ്യമായ ഇടിവ്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 600 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാമിനുണ്ടായ വിലയിടിവ് എഴുപത്തഞ്ച് രൂപ. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 91720 രൂപയായി കുറഞ്ഞു. ഒരു ഗ്രാമിന് ഇന്നലത്തെ വില 11,465 രൂപ. ഒക്ടോബര്‍ പതിനൊന്നിനു ശേഷം ആദ്യമായാണ് വില ഇത്രയും കുറയുന്നത്. ഇതോടെ രണ്ടു ദിവസത്തിനിടെ സ്വര്‍ണത്തിന്റെ വിലയില്‍ ഉണ്ടായ കുറവ് 5640 രൂപ.
ഇന്നലെ ഒരൊറ്റ ദിവസം മാത്രം രണ്ടു തവണയാണ് വില കുറഞ്ഞത്. ആഗോള വിപണിയുടെ ചുവട് പിടിച്ചാണ് ഇന്ത്യയിലും സ്വര്‍ണവില കുറയുന്നത്. ആഗോള രാഷ്ട്രീയ സാമ്പത്തിക മേഖലയില്‍ സ്ഥിരത കൈവരിക്കുന്നത് സ്വര്‍ണത്തില്‍ നിക്ഷേപങ്ങള്‍ നടത്തുന്നതില്‍ നിന്ന് വ്യക്തികളെയും രാജ്യങ്ങളെയും പിന്നോട്ടു വലിക്കുന്നതായാണ് വിലയിരുത്തപ്പെടുന്നത്.

