‘പൊന്നിന്‍’ ചിങ്ങം വരുന്നു, സ്വര്‍ണവില കുറയുന്നു

കൊച്ചി: തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവിലയില്‍ ഇടിവ്. സ്വര്‍ണത്തിന്റെ ഇന്നത്തെ കമ്പോള വില പവന് 74,320 രൂപ. ഇന്നലത്തേതിനെക്കാള്‍ നാല്‍പതു രൂപയിലധികമാണ് ഇന്നു കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് അഞ്ചു രൂപ കുറഞ്ഞ് 9290 രൂപയായി താഴ്ന്നു. തിങ്കളാഴ്ച തന്നെ സ്വര്‍ണവില പവന് 75000 രൂപയിലെത്തിയിരുന്നു. അതില്‍ നിന്ന് 640 രൂപ കൂടി കുറഞ്ഞ് 74360ലേക്ക് ഇന്നലെയെത്തിയിരുന്നു.
ഈ മാസത്തിന്റെ തുടക്കം മുതല്‍ മുകളിലേക്കു മാത്രം കയറിയിരുന്നതാണ് സ്വര്‍ണത്തിന്റെ വിപണിവില. അതില്‍ നിന്നു താഴേക്കുള്ള ട്രെന്‍ഡ് ദൃശ്യമായത് വിവാഹ സീസണ്‍ ആരംഭിക്കുന്ന ചിങ്ങത്തിന് പ്രതീക്ഷ പകരുന്നുണ്ട്. കര്‍ക്കിടകത്തില്‍ നിന്നു മാറ്റിവച്ചിരിക്കുന്ന വിവാഹങ്ങളെല്ലാം ചിങ്ങത്തിലാണ് പൊതുവേ നടക്കുക. ഓണം പോലെയുള്ള ഉത്സവങ്ങളും സ്വര്‍ണം വാങ്ങുന്നതിന് ആള്‍ക്കാര്‍ തയാറാകുന്ന സമയമാണ്.
ഓഗസ്റ്റ് എട്ടിനായിരുന്നു സമീപകാലത്തെ ഏറ്റവും കൂടിയ വില സ്വര്‍ണത്തിനു രേഖപ്പെടുത്തിയത്-പവന് 75760 രൂപ. ഈ മാസം ഒന്നാം തീയതി 73,200 രൂപയായിരുന്നതാണ് ഇത്രകണ്ട് പത്തു ദിവസം കൊണ്ട് വര്‍ധിച്ചത്. ആഭരണമായി സ്വര്‍ണം വാങ്ങുമ്പോള്‍ പണിക്കൂലിയും ജിഎസ്ടിയുമൊക്കെയുള്‍പ്പെടെ പവന് എണ്‍പതിനായിരത്തിനു മുകളില്‍ തന്നെയാണ് ഇപ്പോഴും വില. അവിടെ നിന്ന് ആഭരണവിലയും താഴേക്കു വരുമെന്നാണ് കണക്കാക്കുന്നത്. കാരണം, സ്വര്‍ണത്തിന്റെ വിലയിടിവ് കുറേനാള്‍ കൂടി തുടരുമെന്ന പ്രതീക്ഷ വിപണിവൃത്തങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്.