പത്തനംതിട്ട: ശബരിമല സന്നിധാനത്തിലെ സ്വര്‍ണം പോയ വഴികള്‍ സംബന്ധിച്ച് വെളിപ്പെടുത്തലുകളും വിവാദങ്ങളും തുടരുമ്പോള്‍ തന്നെ ചെന്നൈയില്‍ നിന്നു തിരിച്ചെത്തിച്ച സ്വര്‍ണപ്പാളികള്‍ ഈ മാസം പതിനേഴിനു പുനസ്ഥാപിക്കുമെന്ന് ദേവസ്വം ബോര്‍ഡ്. ഇതിനു ഹൈക്കോടതി ദേവസ്വം ബഞ്ചിന്റെ അനുമതിയും ബോര്‍ഡിനു കിട്ടിയിട്ടുണ്ട്. തുലാമാസ പൂജകള്‍ക്കായി പതിനേഴാം തീയതി വൈകുന്നേരം അഞ്ചിനാണ് ശബരിമലയിലെ നട തുറക്കുന്നത്. അതിനു മുമ്പായി പാളികളുടെ പുനസ്ഥാപനം നടക്കുമെന്നാണ് കരുതുന്നത്. നവീകരണം പൂര്‍ത്തിയാക്കിയ പാളികള്‍ ഏതാനും ദിവസം മുമ്പുതന്നെ സന്നിധാനത്തില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഇപ്പോള്‍ അവയെല്ലാം സന്നിധാനത്തെ സ്‌ട്രോങ് റൂമിലാണ് സൂക്ഷിച്ചിരിക്കുന്നത്.
ഇതിനിടെ സ്വര്‍ണപ്പാളികളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ശമനമില്ലാതെ തുടരുകയാണ്. വിജയ് മല്യ 1998ല്‍ സന്നിധാനത്തെ ദ്വാരപാലക ശില്‍പങ്ങളും മറ്റും സ്വര്‍ണം പൊതിഞ്ഞിരുന്നതാണെന്നും എന്നാല്‍ അവ പിന്നീട് ചെമ്പുപാളികള്‍ എന്ന നിലയില്‍ രേഖകളില്‍ കയറിയെന്നും ഒരു ഭാഗത്ത് വിവാദം. ചെമ്പുപാളികള്‍ സ്വര്‍ണം പൂശിത്തരാമെന്ന പേരില്‍ ബെംഗളൂരുവില്‍ താമസമാക്കിയിരിക്കുന്ന ഉണ്ണികൃഷ്ണന്‍ പോറ്റിയെന്ന വിവാദ വ്യക്തി രണ്ടു ദശകത്തിനു ശേഷം രംഗപ്രവേശം ചെയ്യുന്നതു മുതലുള്ള വിവാദങ്ങള്‍ മറുവശത്ത്. പോറ്റിയുടെ സ്‌പോണ്‍സര്‍ഷിപ്പ് മറ്റു കച്ചവടങ്ങള്‍ക്കും പിരിവെടുക്കലുകള്‍ക്കുമുള്ള മറ മാത്രമായിരുന്നെന്ന മൂന്നാമതൊരു വിവാദം ഇതിനൊപ്പം. ശബരിമലയില്‍ നിന്നു നാലു കിലോയിലധികം സ്വര്‍ണം കാണാതായിട്ടുണ്ടെന്ന ഹൈക്കോടതി ദേവസ്വം ബഞ്ചിന്റെ അനുമാനവും കോടതി നടപടികളം മറ്റൊരു ഭാഗത്ത്. ചുരുക്കത്തില്‍ ശബരിമലയും സ്വര്‍ണവും ചേര്‍ന്ന് ഏറെ വിവാദങ്ങളുടെ കേന്ദ്രബിന്ദുവായി നില്‍ക്കെയാണ് സ്വര്‍ണപ്പാളികള്‍ പതിനേഴാം തീയതി പുനസ്ഥാപിക്കാന്‍ പോകുന്നത്.
ചെന്നൈ സഞ്ചാരം കഴിഞ്ഞ് തിരിച്ചെത്തിയ സ്വര്‍ണപ്പാളികള്‍ 17ന് പഴയതുപോലെ ഉറപ്പിക്കും

