ന്യൂയോര്‍ക്ക്: ഷൈനി ഹണ്ടേഴ്‌സ് വീണ്ടും ആഞ്ഞടിച്ചു, ഇത്തവണ കെണിയിലായത് ലോകമെമ്പാടുമുള്ള ഇമെയില്‍ ഉപയോക്താക്കളുടെ വിശ്വസ്ത വിലാസമായ ജിമെയില്‍. ലോകമെമ്പാടുമുള്ള 250 കോടി ഇമെയില്‍ വിലാസങ്ങള്‍ക്കു സുരക്ഷാ ഭീഷണിയുള്ളതായി ഗൂഗിള്‍ സമ്മതിച്ചു. ഇന്റര്‍നെറ്റ് ഹാക്കിങ് മേഖലയില്‍ ഇതിനകം വന്‍തോതില്‍ കുപ്രസിദ്ധ ആര്‍ജിച്ച ഗ്രൂപ്പാണ് ഷൈനി ഹാക്കേഴ്‌സ് എന്ന പേരില്‍ അറിയപ്പെടുന്നത്. ഗൂഗിളിന്റെ തന്നെ ഡാറ്റ സെയില്‍സ് ഫോഴ്‌സ് സംവിധാനത്തിലൂടെയാണ് ഇക്കൂട്ടര്‍ നുഴഞ്ഞുകയറിയതെന്ന് ഗൂഗിളിന്റെ സ്വന്തം ത്രെറ്റ് ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ നുഴഞ്ഞു കയറ്റം നടന്ന ഇമെയില്‍ വിലാസങ്ങള്‍ക്ക് ഇപ്പോള്‍ പ്രശ്‌നമില്ലെങ്കിലും ഭാവിയില്‍ സുരക്ഷാ ഭീഷണിയുണ്ടാകാമെന്ന് ഗൂഗിള്‍ സമ്മതിക്കുന്നു. ഇത്തരം ഐഡികള്‍ കണ്ടെത്തുകയും അവയ്ക്ക് പരിഹാരമാര്‍ഗം നിര്‍ദേശിച്ച് മെയിലുകള്‍ അയയ്ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ഗൂഗിള്‍ പറയുന്നത്.
ഇമെയില്‍ പാസ്‌വേഡുകള്‍ മാറാനാണ് ഗൂഗിള്‍ ഇമെയില്‍ ഉപയോക്താക്കള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് ഓണ്‍ലൈന്‍ ലോകത്തെ നിരീക്ഷണ ഏജന്‍സിയായ ടെക് റഡാര്‍ പറയുന്നു. ഷൈനി ഹാക്കേഴ്‌സ് നിലവില്‍ അടിച്ചു മാറ്റിയിരിക്കുന്നത് ഇമെയിലുകളില്‍ പരാമര്‍ശിക്കപ്പെടുന്ന പേരുകളും ബിസിനസ് കോണ്ടാക്ടുകളുമാണത്രേ. ഇതിന്റെ ഫലമായി ഏറ്റവും കൂടുതല്‍ സംഭവിക്കാവുന്നത് ഫിഷിങ് അഥവാ അനാവശ്യ ലിങ്കുകള്‍ മുഖേന അക്കൗണ്ട് ഉടമയെ കെണിയില്‍ വീഴ്ത്താനുള്ള പരിശ്രമം ആയിരിക്കുമെന്ന് ടെക് റഡാര്‍ കണക്കാക്കുന്നു.
ഈ വിഷയം സംബന്ധിച്ച് വിശദമായ സ്വതന്ത്ര അന്വേഷണമാണ് ഇതുവരെ ടെക് റഡാര്‍ നടത്തിയിരിക്കുന്നത്. അതനുസരിച്ച് ഹാക്കിങിന്റെ ആരംഭം കമ്പനിയുടെ ജീവനക്കാരന്‍ എന്ന പേരില്‍ ഒരു ഹാക്കര്‍ ഗൂഗിളിന്റെ തന്നെ സപ്പോര്‍ട്ട് ടീമിനെ സമീപിക്കുന്നിടത്തായിരുന്നു. അബദ്ധത്തില്‍ ഹാക്കര്‍ക്ക് ഇതുവഴി അകത്തു പ്രവേശിക്കാന്‍ അനുമതി ലഭിക്കുകയുണ്ടായി. ഹാക്കര്‍ ചെന്നെത്തിയത് ഗൂഗിളിന്റെ സെയില്‍സ് ഫോഴ്‌സ് വിഭാഗത്തിലാണ്. അതിനാല്‍ തന്നെ അവര്‍ക്ക് കൈവശപ്പെടുത്താന്‍ സാധിച്ചിരിക്കുന്നത് സെന്‍സിറ്റിവ് ഡാറ്റ എന്നു വിളിക്കുന്ന തന്ത്രപരമായ പ്രാധാന്യമുള്ള കാര്യങ്ങളല്ല, പകരം അളവറ്റ ബിസിനസ് വിവരങ്ങളാണ്. എങ്കില്‍ കൂടി ഹാക്കിങ്ങിന്റെ സാധ്യമായ മറ്റു പ്രശ്‌നങ്ങളെ ആരും കുറച്ചു കണ്ടുകൂടെന്നു ഗൂഗിള്‍ തന്നെ മുന്നറിയിപ്പു തരുന്നുണ്ട്. ആരും ഫിഷിങ് ഇമെയിലുകളില്‍ വീണു പോകരുതെന്നാണ് ഇതു സംബന്ധിച്ച് ഗൂഗിളിന്റെ ഏറ്റവും പ്രധാന നിര്‍ദേശം. അനാവശ്യമായ ലിങ്കുകളും ഉറപ്പില്ലാത്ത ലിങ്കുകളും തുറക്കരുത്. പലപ്പോഴും ഇവ ബിറ്റ്‌കോയിനുകളുമായി ബന്ധപ്പെട്ടതാകാനിടയുണ്ടെന്ന് കമ്പനി മുന്നറിയിപ്പു തരുന്നു. ഏറ്റവും സുരക്ഷിതത്വം വേണമെന്നാഗ്രഹിക്കുന്നവര്‍ പാസ്‌വേഡ് മാറ്റിയാല്‍ മാത്രം പോരാ, ടൂ ഫാക്ടര്‍ ഓഥന്റിക്കേഷന്‍ കൂടി നടത്തുന്നതായിരിക്കും നല്ലതെന്ന് ടെക് റഡാര്‍ പറയുന്നു.
ജനകോടികളുടെ വിശ്വസ്ത ഇമെയിലിനു ഷൈനി ഹണ്ടിങ്, മുന്നറിയിപ്പുമായി ഗൂഗിള്‍
