മുംബൈ: ഇക്കഴിഞ്ഞ ജൂണില്‍ സൂപ്പര്‍ മോഡല്‍ ഷെഫാലി ജാരിവാല ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചപ്പോള്‍ മുതല്‍ ചര്‍ച്ചയാകുന്നൊരു കാര്യമാണ് സൗന്ദര്യ വര്‍ധനയ്ക്കായി ഗ്ലൂട്ടാത്തയോണ്‍ കുത്തിവയ്പ് എടുക്കുന്നതിന്റെ പാര്‍ശ്വഫലങ്ങള്‍. ഷെഫാലിയുടെ മരണത്തിന് യഥാര്‍ഥ കാരണം വെറുംവയറ്റില്‍ ഗ്ലൂട്ടാത്തയോണ്‍ കുത്തിവച്ചിരുന്നതാണെന്ന് വിദഗ്ധര്‍ പറയുന്നു. പുതിയ പഠനങ്ങളനുസരിച്ച് തൊലിയുടെ നിറം വെളുപ്പാകാന്‍ ഉപയോഗിക്കുന്ന ഗ്ലൂട്ടാത്തയോണ്‍ മാരക ഫലങ്ങളുളവാക്കുമെന്ന് തെളിയിക്കുന്നു. അലര്‍ജി മുതല്‍ രക്തസമ്മര്‍ദം താഴ്ന്നു പോകുന്നതു വരെയാണിതന്റെ പാര്‍ശ്വ ഫലങ്ങള്‍.
യഥാര്‍ഥത്തില്‍ ഗ്ലൂട്ടാത്തയോണ്‍ ഒരു ആന്റി ഓക്‌സിഡന്റാണ്. ശരീരം സ്വാഭാവികമായി വേണ്ടത്ര ഗ്ലൂട്ടാത്തയോണ്‍ ഉല്‍പാദിപ്പിക്കുന്നുമുണ്ട്. ഇതിനു പുറമെ ഇന്‍ജക്ഷനില്‍ കൂടിയും ഗുളിക രൂപത്തിലും ഈ ആന്റി ഓക്‌സിഡന്റ് നല്‍കുന്നത് തൊലിയുടെ നിറം വെളുപ്പാകുന്നതിനും ചര്‍മത്തിലെ ചുളിവുകള്‍ മാറുന്നതിനുമൊക്കെയാണ്. എന്നാല്‍ ഇത് അധികമായി അകത്തു ചെന്നാല്‍ തൊലിക്ക് സ്വാഭാവികമായി നിറം നല്‍കുന്ന മെലാനിന്റെ അളവ് കുറയുന്ന പ്രശ്‌നവുമുണ്ടാകുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
ഇത്തരം ആളുകള്‍ക്ക് ക്രമേണ തൊലിയുടെ വെളുത്ത നിറവും നഷ്ടപ്പെടും മിനുക്കവും നഷ്ടപ്പെടും. അതേ തുടര്‍ന്ന് സ്ഥിരമായി ഗ്ലൂട്ടാത്തയോണ്‍ പുറമെ നിന്നു നല്‍കേണ്ടിയും വരും. ഇത്തരം സാഹചര്യത്തിലാണ് രക്തസമ്മര്‍ദം ആശാസ്യമായ നിലയില്‍ നിന്നും താഴേക്കു പോകുന്നതും ഷെഫാലിക്കു സംഭവിച്ചതു പോലെ കാര്‍ഡിയാക് അറസ്റ്റ് വരെയുള്ള ദോഷഫലങ്ങളുണ്ടാകുന്നതുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

