കാര്‍ വാങ്ങുമ്പോള്‍ വെളുത്തതു വാങ്ങിക്കോളൂ, നിറം കറുപ്പായാല്‍ കുഴപ്പം

ലിസ്ബണ്‍: കാര്‍ കറുത്തതാണെങ്കില്‍ അറിഞ്ഞോളൂ, അന്തരീക്ഷം ചൂടുപിടിപ്പിക്കുന്നതില്‍ നിങ്ങളുടെ കാറിനും ഒരു പങ്കുണ്ട്. വെളുത്ത കാറിനെക്കാള്‍ ചൂടന്‍മാരാണ് കറുത്ത കാറുകള്‍. കറുപ്പ് മാത്രമല്ല ഏതു കടുത്ത നിറവും ഇതേ കുഴപ്പത്തിനു കാരണാകുന്നുണ്ട്. പോര്‍ച്ചുഗലിലെ ലിസ്ബണ്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് ഈ കണ്ടെത്തല്‍ ശാസ്ത്രീയമായി നടത്തിയിരിക്കുന്നത്. റോഡിലായാലും വണ്ടികളുടെ ഓപ്പണ്‍ പാര്‍ക്കിങ് സ്ഥലത്തായാലും നിറം ഒരു വലിയ ഘടകമാണത്രേ. ഇരുണ്ട നിറമുള്ള വാഹനങ്ങള്‍ കൂടുതല്‍ ചൂട് വലിച്ചെടുക്കുകയും അതുപോലെ പുറത്തു വിടുകയും ചെയ്യുന്നു. ഇങ്ങനെ പുറത്തു വിടുന്ന ചൂടാണ് അന്തരീക്ഷത്തിലെ ചൂടിനെ കൂട്ടുന്നത്. വണ്ടികളുടെ എണ്ണം കൂടുന്നതനുസരിച്ച് ഇങ്ങനെ പുറത്തു വിടുന്ന ചൂടിന്റെ അളവും കൂടിക്കൊണ്ടേയിരിക്കും.
ഇവരുടെ ഗവേഷണത്തിന്റെ ഭാഗമായി നടത്തിയ പഠനത്തില്‍ ഓരോ കറുത്ത കാറും ചുറ്റുമുള്ള അന്തരീക്ഷത്തിന്റെ ചൂട് 3.8 ഡിഗ്രി സെല്‍ഷ്യസ് വരെ കൂട്ടുന്നതായാണ് കണ്ടെത്തിയത്. വെളുത്ത നിറത്തിലുള്ള കാറുകള്‍ അന്തരീക്ഷത്തിലെ ചൂടിന്റെ 85 ശതമാനം വരെ പ്രതിഫലിപ്പിച്ചു പുറത്തേക്കു വിടുകയാണ് ചെയ്യുന്നത് അത്രയും അല്ലെങ്കില്‍ തന്നെ അന്തരീക്ഷത്തിലുള്ളതായതിനാല്‍ ഇതുമൂലം വളരെക്കുറച്ചു ദോഷമേ സംഭവിക്കുന്നുള്ളൂ. എന്നാല്‍ കറുത്ത കാറുകളാകട്ടെ സൂര്യപ്രകാശത്തിന്റെ 90 ശതമാനവും ഉള്ളിലേക്കു വലിച്ചെടുക്കുന്നു. ഇതുമൂലം വാഹനത്തിന്റെ ലോഹത്തില്‍ നിര്‍മിച്ച പുറംപാളി വല്ലാതെ ചൂടാകുന്നു. ഈ ചൂടുകൂടി അധികമായി പുറത്തേക്കു തള്ളുന്നതാണ് പ്രശ്‌നമാകുന്നത്.