ഹൃദയം മാറ്റി വയ്ക്കുന്നതിനു പറന്നെത്താനായില്ലെങ്കിലും പാഞ്ഞെത്താന്‍ വന്ദേഭാരത്

കൊല്ലം: പതിമൂന്നു വയസു മാത്രം പ്രായമുള്ളൊരു പെണ്‍കുട്ടിയെ ഹൃദയം മാറ്റിവയ്ക്കുന്നതിന് മണിക്കൂറുകള്‍ക്കകം കൊച്ചിയില്‍ എത്തിക്കുന്നതിന് സഞ്ചാരമാര്‍ഗമൊരുക്കിയത് വന്ദേഭാരത് എക്‌സ്പ്രസില്‍. കൊല്ലത്തിനടുത്ത് അഞ്ചല്‍ സ്വദേശിയായ പെണ്‍കുട്ടിക്ക് പോകുന്നതിന് ഒരു എയര്‍ ആംബുലന്‍സ് കിട്ടുന്നതിനായി എന്‍ കെ പ്രേമചന്ദ്രന്‍ എം പി എല്ലാ മാര്‍ഗവും അന്വേഷിച്ചെങ്കിലും ലഭിച്ചില്ല. ഒടുവില്‍ അതിവേഗം എത്തുന്നതിന് അവശേഷിച്ച ഏക മാര്‍ഗം വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനായിരുന്നു. കാറിലും മറ്റും പോകുന്നതിനെക്കാള്‍ വേഗവും സുരക്ഷിതവും വന്ദേഭാരത് ആണെന്നു കണ്ട് എംപി തന്റെ എമര്‍ജന്‍സി ക്വോട്ടയില്‍ കുട്ടിക്കും കുടുംബത്തിനുമുള്ള ടിക്കറ്റ് സമ്പാദിക്കുകയായിരുന്നു. കുട്ടി ഇന്നലെ രാത്രി ഏഴു മണിയോടെ കൊച്ചിയില്‍ എത്തിച്ചേര്‍ന്നു. ശസ്ത്രക്രിയയ്ക്കായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.
ഹൃദയസംബന്ധമായി പ്രശ്‌നങ്ങള്‍ക്ക് തിരുവനന്തപുരം ശ്രീചിത്രയില്‍ ചികിത്സയിലായിരുന്നു കുട്ടി. ഹൃദയം മാറ്റിവയ്ക്കുകയല്ലാതെ മറ്റൊരു മാര്‍ഗവും സാധ്യമല്ലാതിരുന്നതിനാല്‍ എറണാകുളം ലിസി ആശുപത്രിയുമായി അതിനായി ബന്ധപ്പെട്ടിരുന്നു. ഒരു ഹൃദയം ലഭ്യമായത് ഇന്നലെ ഉച്ചയ്ക്കു ശേഷം. അപ്പോള്‍ തന്നെ ആശുപത്രിയില്‍ ഈ വിവരം കുട്ടിയുടെ കുടുംബത്തെ അറിയിച്ചു. എത്രയും വേഗം എറണാകുളത്ത് അവര്‍ക്ക് എത്തേണ്ടിയിരുന്നു. അങ്ങനെയാണ് എയര്‍ ആംബുലന്‍സിനായുള്ള അന്വേഷണം എംപിയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്നത്. അതിനു കഴിയാതെ വന്നതോടെയാണ് പിന്നീടുള്ളതില്‍ ഏറ്റവും വേഗതയേറിയ വാഹനം എന്ന നിലയില്‍ വന്ദേഭാരതിനെ ആശ്രയിക്കുന്നത്. അങ്ങനെ വന്ദേഭാരതിന്റെ ചരിത്രത്തില്‍ ഒരു പൊന്‍തൂവലായി ഇതു മാറി.