മുംബൈ: തൊഴില്‍ കമ്പോളത്തില്‍ ഗോസ്റ്റ് പോസ്റ്റിംഗ് എന്ന പ്രതിഭാസം വര്‍ധിച്ചു വരുന്നതായി റിക്രൂട്ട്മെന്റ് സേവന രംഗത്തെ വിദഗ്ധര്‍ പറയുന്നു. സമൂഹ മാധ്യമങ്ങളിലും പ്രഫഷണല്‍ നെറ്റ്വര്‍ക്കുകളിലും ഗോസ്റ്റ് ജോബ് പോസ്റ്റിംഗുകള്‍ 25 ശതമാനത്തിലധികമായി വര്‍ധിച്ചിരിക്കുന്നുവെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.
ഇല്ലാത്ത ഒഴിവുകള്‍ക്കായി തൊഴില്‍ പരസ്യങ്ങള്‍ നല്കുന്നതിനെയാണ് ഗോസ്റ്റ് പോസ്റ്റിങ് എന്നു വിളിക്കുന്നത്. അല്ലെങ്കില്‍ നികത്താന്‍ ഉദ്ദേശ്യമില്ലാത്ത ഒഴിവുകള്‍ക്കായി പ്രഫഷണല്‍ നെറ്റ്വര്ക്കുകളില് പോസ്റ്റിടുന്നതും ഇതിന്റെ ഭാഗമാണ്. കമ്പനികളെ സംബന്ധിച്ചിടത്തോളം ഇതുവഴി നിരവധി മെച്ചങ്ങളുണ്ടെന്നു പറയുന്നു. മികച്ച പ്രതിഭകളുടെ ഒരു നിരയെ സ്റ്റാന്‍ഡ് ബൈ ആക്കി നിലനിര്‍ത്താന്‍ സാധിക്കുന്നു എന്നതാണ് ഏറ്റവും വലിയ മെച്ചം. മറ്റു ചിലപ്പോള്‍ ഭാവിയിലെ റിക്രൂട്ട്മെന്റുകള്‍ ഇപ്പോഴേ ബജറ്റ് ചെയ്യാനും ഇന്‍ഹൗസ് താരതമ്യ പഠനങ്ങള്‍ നടത്താനുമൊക്കെ ഇത്തരം പോസ്റ്റുകള്‍ സഹായിക്കാറുണ്ട്. മറ്റു ചിലരെ സംബന്ധിച്ചിടത്തോളം കമ്പനി വലിയ വളര്‍ച്ചയിലാണെന്നു മറ്റുള്ളവരെ കാണിക്കാനുള്ള നാടകത്തിന്റെ ഭാഗമായും തൊഴില്‍ പോസ്റ്റുകള്‍ മാറാറുണ്ട്.
എന്തായാലും കഴിഞ്ഞ രണ്ടു വര്‍ഷമായാണ് തൊഴില്‍ പോസ്റ്റുകളില്‍ ഇങ്ങനെയൊരു ട്രെന്‍ഡ് വളര്‍ന്നു വന്നിരിക്കുന്നതെന്ന് സ്റ്റാഫിങ് ആന്‍ഡ് റിക്രൂട്ട്മെന്റ് സര്‍വീസസ് സ്ഥാപനമായ സിഐഇഎല്എച്ച്ആര് സര്‍വീസസിന്റെ വിദഗ്ധര്‍ പറയുന്നു.

