കുലീന ജീവിതത്തിന്റെ ഡിസൈന്‍ ഇതിഹാസം ജോര്‍ജിയോ അര്‍മാനി ഇനി ഓര്‍മ

റോം: ഫാഷന്‍ ഡിസൈനിങ്ങിന്റെ ലോകത്തിലെ അവസാന വാക്കെന്നു കരുതിയിരുന്ന ഇറ്റാലിയന്‍ ഡിസൈനര്‍ ജോര്‍ജിയോ അര്‍മാനി അന്തരിച്ചു. അദ്ദേഹത്തിന് 91 വയസായിരുന്നു. ഹോളിവുഡിനെ പോലും ഞെട്ടിച്ച ഡിസൈനുകളിലൂടെ തന്റെ കര്‍മമണ്ഡലത്തില്‍ ഉയരങ്ങള്‍ കീഴടക്കിയ ഇദ്ദേഹം അര്‍മാനി എക്‌സ്‌ചേഞ്ച് ഗ്രൂപ്പിന്റെ സ്ഥാപകന്‍ കൂടിയാണ്.
അങ്ങേയറ്റം ദുഖത്തോടു കൂടി അര്‍മാനി ഗ്രൂപ്പ് അതിന്റെ സ്ഥാപകനും സൃഷ്ടാവും ചാലക ശക്തിയുമായ ജോര്‍ജിയോ അര്‍മാനിയുടെ വിയോഗം അറിയിക്കുന്നു. ഭൗതിക ശരീരം സെപ്റ്റംബര്‍ ആറ്, ഏഴ് തീയതികളില്‍ മിലാനില്‍ പൊതു ദര്‍ശനത്തിനു വയ്ക്കുന്നതും തുടര്‍ന്ന്് സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നതുമാണെന്ന കുറിപ്പോടെ അര്‍മാനി ഗ്രൂപ്പ് തന്നെയാണ് വിയോഗ വാര്‍ത്ത തങ്ങളുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ ലോകത്തെ അറിയിച്ചത്.
കിങ് ജോര്‍ജിയോ എന്ന സ്‌നേഹനാമത്തിലാണ് ലോകമെമ്പാടും അദ്ദേഹം അറിയപ്പെട്ടിരുന്നത്. റെഡിമെയ്ഡ് വസ്ത്രങ്ങള്‍, ഷൂസുകള്‍, വാച്ചുകള്‍, ആഭരണങ്ങള്‍, ഫാഷന്‍ സാധനങ്ങള്‍, കണ്ണടകള്‍, സൗന്ദര്യ വര്‍ധക വസ്തുക്കള്‍, ഹോം ഇന്റീരിയറുകള്‍ എന്നിങ്ങനെ കുലീന ജീവിതത്തിന്റെ അടയാളങ്ങളായി മാറുന്ന സമസ്ത വസ്തുക്കളിലും അദ്ദേഹത്തിന്റെ ഡിസൈനുകള്‍ വേറിട്ടു നില്‍ക്കുന്നു.