ലാസ്വെഗാസ്: നിര്‍മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) മനുഷ്യരാശിയെ തന്നെ തുടച്ചുനീക്കാനുള്ള സാധ്യതയിലേക്കും അത്തരം സാഹചര്യം ഒഴിവാക്കാനുള്ള മാര്‍ഗത്തിലേക്കും സൂചന നല്‍കുകയാണ് ഈ സാങ്കേതികവിദ്യയുടെ ഉപജ്ഞാതാവ് ജെഫ്രി ഹിന്റണ്‍. ലോകമൊട്ടുക്ക് നിര്‍മിത ബുദ്ധിയുടെ തലതൊട്ടപ്പന് എന്ന വിളിപ്പേരിലാണ് ഹിന്റണ്‍ അറിയപ്പെടുന്നത്. മനുഷ്യരാശിയുടെ പൂര്ണനാശത്തിന്റെ സാധ്യത നിലനില്‍ക്കെ ഇപ്പോഴത്തെ ടെക് ബ്രോ മാരെല്ലാം തെറ്റായ രീതിയിലാണ് ഇതിനെ നേരിടാന്‍ പരിശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു.
നോബല്‍ സമ്മാനം നേടിയ കംപ്യൂട്ടര്‍ സയന്‍സ് ശാസ്ത്രജ്ഞന് കൂടിയായ ഹിന്റണ്‍ എഐയുടെ വിനാശകരമായ സാധ്യതകളെക്കുറിച്ച് നേരത്തെയും പലതവണ മുന്നറിയിപ്പ് നല്കിയിട്ടുള്ളതാണ്. എഐയെ മെരുക്കി മനുഷ്യനു വിധേയപ്പെട്ട നിലയില്‍ നിര്‍ത്താനുള്ള ടെക് വിദഗ്ധരുടെ പരിശ്രമങ്ങള്‍ വിജയിക്കാന്‍ പോകുന്നില്ല. എഐ മനുഷ്യനെക്കാള്‍ പതിന്മടങ്ങ് കാര്യപ്രാപ്തിയുള്ളതാണ്. മനുഷ്യനെ കീഴ്പ്പെടുത്താന്‍ നാനാതരത്തിലുള്ള വഴികള്‍ കണ്ടെത്താന്‍ മാത്രം സ്മാര്ട്ടാണവയെന്നു മറന്നുകൂടാ. ലാസ് വെഗാസില്‍ എഐ4 എന്ന വ്യാവസായിക കോണ്‍ഫറന്‍സില്‍ സംസാരിക്കവേയാണ് ഹിന്റണ്‍ തന്റെ ആശങ്കകളും ബദല്‍ സാധ്യതകളും വെളിപ്പെടുത്തിയത്.
മുതിര്ന്നൊരാള്ക്കു കേവലം മൂന്നു വയസുമാത്രമുള്ള കുട്ടിയെ ഒരു മിഠായി കാണിച്ച് എങ്ങനെ വശത്താക്കാന്‍ സാധിക്കുമോ അതുപോലെ തന്നെയായിരിക്കും എഐ മനുഷ്യരോടും ചെയ്യുക. ചതിക്കാനും മോഷ്ടിക്കാനും വഞ്ചിക്കാനുമൊക്കെ എത്ര അനായാസം എഐക്കു സാധിക്കുമെന്ന് ഈ വര്‍ഷം നമ്മള് കണ്ടുകഴിഞ്ഞു. ഇമെയിലില്‍ നിന്നു കണ്ടെത്തിയ രഹസ്യവിവരം ഉപയോഗിച്ച് ഒരു എന്‍ജിനിയറെ എഐ ഭീഷണിപ്പെടുത്തുന്നതിനും നമ്മള് സാക്ഷികളാണ്. അദ്ദേഹം പറഞ്ഞു.
എഐയുടെ ഇത്തരം വിനാശകരമായ സാധ്യതകള്‍ ഇല്ലാതാക്കാന്‍ അതിനെ കീഴ്പ്പെടുത്താനുള്ള ശ്രമങ്ങളെക്കാള്‍ അതിനെ നയത്തില്‍ വരുതിയിലാക്കാനുള്ള ശ്രമങ്ങളാണ് ആവശ്യമെന്നും ഹിന്റണ്‍ പറഞ്ഞു. അതിന് നിലവില്‍ ഒരേയൊരു മാര്‍ഗമേ നിര്‍ദേശിക്കാനുള്ളൂ. എഐയിലേക്ക് കുറേ മാതൃവാസനകള് ബോധപൂര്‍വം കടത്തിവിടുക. അങ്ങനെ വന്നാല്‍ അവ മനുഷ്യനെ പരിപാലിക്കുന്ന സാങ്കേതിക വിദ്യയായി മാറും. ലോകത്ത് ഏറ്റവും നിസഹായരായ കുഞ്ഞുങ്ങളെ കേടുപാടുകള്‍ കൂടാതെ സംരക്ഷിക്കാനുള്ള സ്വാഭാവിക ചോദനകളുള്ളതും സാമൂഹ്യസമ്മര്‍ദം നേരിടുന്നതും അമ്മമാരാണ്. കൂടുതല്‍ ബുദ്ധിശക്തിയുള്ള ഒന്നിനെ തീരെ ബുദ്ധിശക്തി വികസിക്കാത്ത മറ്റൊന്നു നിയന്ത്രിക്കുന്നതിന് ലോകത്ത് ഒരേയൊരു ഉദാഹരണമേയുള്ളൂ. അത് ഒരു കുഞ്ഞ് അതിന്റെ അമ്മയെ നിയന്ത്രിക്കുന്നതാണ്. ഇതു തന്നെയാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ എഐ മനുഷ്യരോട് ആവശ്യപ്പെടുന്നതും. എഐയുടെ സംവിധാനത്തിലേക്കു മുഴുവന്‍ അലിവിന്റെയും കരുതലിന്റെയും സന്ദേശങ്ങള്‍ കടത്തിവിടുക. അതോടെ എഐ അമ്മത്വം നിറഞ്ഞ സാങ്കേതികവിദ്യയായി മാറും. അതിലൂടെ മാത്രമേ മനുഷ്യരാശിയുടെ നിലനില്പ് സാധ്യമാവൂ. ഹിന്റണ്‍ നിര്‍ദേശിച്ചു.
എഐക്കു വേണം അമ്മത്തം; തലതൊട്ടപ്പന് പറയുന്നു
