സൗന്ദര്യത്തിനാകാം നെയില്‍ പോളിഷ്, ജെല്‍ നെയില്‍ പോളിഷ് അത്ര ശരിയല്ലെന്നറിയാമോ

ലണ്ടന്‍: നിങ്ങള്‍ നെയില്‍ പോളിഷ് ഉപയോഗിക്കുന്നയാളാണോ, ആണെങ്കില്‍ ജെല്‍ നെയില്‍പോളിഷ് ആണോ ഉപയോഗിക്കുന്നത്. നിങ്ങള്‍ സ്ത്രീ കൂടെയാണെങ്കില്‍ പ്രത്യേകം ജാഗ്രതൈ. കാരണം ഇതില്‍ ടിപിഓ എന്ന രാസവസ്തു ചേര്‍ത്തായിരിക്കാം നിര്‍മിച്ചിരിക്കുന്നത്. ടിപിഒ ശരീരത്തിന് അത്രമേല്‍ ഹാനികരമായതിനാല്‍ യൂറോപ്യന്‍ യൂണിയന്‍ മൊത്തത്തില്‍ ടിപിഒ അടങ്ങിയ ജെല്‍ നെയില്‍ പോളിഷുകള്‍ നിരോധിച്ചിരിക്കുകയാണ്.
ടിപിഒ എന്നത് ട്രൈമീതൈല്‍ ഡൈഫിനൈല്‍ഫോസ്ഫിന്‍ ഓക്‌സൈഡ് എന്നതിന്റെ ചുരുക്കെഴുത്താണ്. നെയില്‍ പോളിഷിന് അധിക തിളക്കം നല്‍കാനും വളരെ വേഗം ഉണങ്ങുന്ന സ്വഭാവം നല്‍കാനുമാണിത് ഉപയോഗിക്കുന്നത്. ഈ രാസവസ്തു കാന്‍സറിനും ഗര്‍ഭസ്ഥ ശിശുവിന്റെ ജനിതക വൈകല്യങ്ങള്‍ക്കുമൊക്കെ കാരണമാകുമെന്നു പഠനങ്ങളില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് യൂറോപ്യന്‍ യൂണിയനിലെ നിരോധനം നിലവില്‍ വന്നിരിക്കുന്നത്. ഇതോടെയാണ് നിരോധിക്കേണ്ട വസ്തുക്കളുടെ വിഭാഗമായ കാറ്റഗറി 1ബിയില്‍ ഇതിനെ ഉള്‍പ്പെടുത്തി നിരോധനം പ്രഖ്യാപിച്ചത്. യൂറോപ്യന്‍ യൂണിയനില്‍ ഒരിടത്തും ഇത്തരം നെയില്‍ പോളിഷുകള്‍ വാങ്ങാനോ വില്‍ക്കാനോ അനുവാദമില്ല. ആദ്യം ഇതിനെ പ്രഫഷണല്‍ ഉപയോഗത്തില്‍ നിന്നു മാത്രമാണ് നിരോധിച്ചിരുന്നതെങ്കില്‍ പിന്നീട് പൂര്‍ണ നിരോധനത്തിലേക്കു മാറ്റുകയായിരുന്നു.
ജെല്‍ നെയില്‍ പോളിഷ് ഉപയോഗിക്കുന്നവര്‍ ആദ്യം ചെയ്യേണ്ടത് അവ ടിപിഒ മുക്തമാണോയെന്ന് കൃത്യമായി ഉറപ്പാക്കുകയാണ്. അത്യാവശ്യമില്ലെങ്കില്‍ ജെല്‍ നെയില്‍ പോളിഷുകള്‍ തന്നെ ഉപേക്ഷിച്ചാലും പ്രശ്‌നമില്ലല്ലോ.