കെയ്റോ: രണ്ടു വര്‍ഷം നീണ്ട ഗാസാ യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള കരാര്‍ നാളെ ഈജിപ്തിലെ കെയ്റോയില്‍ ഒപ്പു വയ്ക്കും. ഇതു സംബന്ധിച്ച് ഷാം എല്‍ ഷെയ്ഖില്‍ നടക്കുന്ന സമാധാന യോഗത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സംബന്ധിക്കുമെന്നു സൂചന. തിങ്കളാഴ്ച നടക്കുന്ന സമാധാന ഉച്ചകോടിയില്‍ പാശ്ചാത്യ രാജ്യങ്ങളുടെയും അറബ് രാജ്യങ്ങളുടെയും പ്രതിനിധികളായി പ്രമുഖര്‍ എത്തുമെന്നാണ് അറിയുന്നത്. ഗാസയില്‍ സമാധാനം കൊണ്ടുവരുന്നതിനായി ട്രംപ് നിര്‍ദേശിച്ച ഇരുപതിന പരിപാടിയിലെ ആദ്യത്തേതാണ് ഇസ്രയേലും ഹമാസുമായുള്ള വെടിനിര്‍ത്തല്‍ പ്രഖ്യാപനം. പൂര്‍ണ സമാധാനം കൈവരണമെങ്കില്‍ ഇതിലെ ബാക്കി കാര്യങ്ങളില്‍ കൂടി തീരുമാനമുണ്ടാകണമെന്നിരിക്കേ അതിലേക്കുള്ള ആദ്യ ചുവടുവയ്പായി നാളത്തെ കരാര്‍ ഒപ്പിടലിനെ കാണാമെന്നാണ് പൊതു ധാരണ. എല്ലാ നിര്‍ദേശങ്ങളും അംഗീകരിക്കുന്ന കരാര്‍ തന്നെയായിരിക്കും നാളെ ഒപ്പുവയ്ക്കുക എന്നാണ് പ്രതീക്ഷിക്കുന്നത്. ജര്‍മനി, സ്പെയിന്, ഫ്രാന്‍സ്, ബ്രിട്ടന്, ഇറ്റലി, ഖത്തര്‍, യുഎഇ, ജോര്‍ദാന്‍, സൗദി, പാക്കിസ്ഥാന് ഇന്തോനേഷ്യ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളിലെയെങ്കിലും പ്രമുഖ നേതാക്കള്‍ തിങ്കളാഴ്ച നടക്കുന്ന സമാധാന ഉച്ചകോടിയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മിക്ക രാജ്യങ്ങളുടെയും രാഷ്ട്രത്തലവന്മാര് തന്നെ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കെയ്റോയില്‍ നാളെ സമാധാന ഉച്ചകോടി, ട്രംപിന്റെ ഗാസാ കരാര്‍ ഒപ്പിടുന്നത് ചരിത്ര സംഭവം

