സിഡ്‌നി: ഗംഗക്കുട്ടി എന്ന പേരില്‍ സംഗീതത്തിന്റെ ലോകം കീഴടക്കിക്കൊണ്ടിരിക്കുന്ന ബാലപ്രതിഭ ഗംഗ ശശിധരന്‍ ഫ്യൂഷന്‍ വയലിന്‍ കച്ചേരിയുമായി ന്യൂ സൗത്ത് വെയില്‍സിലെ ബ്ലാക്ക്ടൗണില്‍ ഇന്നെത്തും. ഗംഗാതരംഗം എന്നു പേരിട്ടിരിക്കുന്ന അതുല്യ സംഗീത വിരുന്ന് സിഡ്‌നിയിലെ കലാസ്‌നേഹികള്‍ക്കു പുതിയൊരു അനുഭവമാകും. ഒഎച്ച്എം ഇവന്റ്‌സാണ് പരിപാടിയുടെ സംഘാടകര്‍.
കേരളത്തിലെ ഗുരുവായൂരില്‍ ജനിച്ച് മലപ്പുറം ജില്ലയിലെ വെളിയന്‍കോട് താമസിക്കുന്ന ഗംഗയ്ക്ക് പന്ത്രണ്ടു വയസാണ് പ്രായമെങ്കിലും സംഗീത ലോകത്ത് ആമുഖങ്ങളൊന്നും ആവശ്യമില്ലാത്ത രീതിയില്‍ സ്വന്തം പ്രതിഭ തെളിയിച്ചു കഴിഞ്ഞിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ സംഗീത പുരസ്‌കാരങ്ങളിലൊന്നായ ഷണ്‍മുഖാനന്ദ ഭാരതരത്‌ന ഡോ. എം എസ് സുബ്ബുലക്ഷ്മി ഫെലോഷിപ്പിന് അര്‍ഹയായ ഗംഗ ഈ പുരസ്‌കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കലാകാരി കൂടിയാണ്. ഈ അംഗീകാരം ഗംഗയ്ക്ക് കൈമാറിയതാകട്ടെ രാജ്യത്തെ ഏറ്റവും പ്രതിഭാധനനായ ഓടക്കുഴല്‍ വാദകന്‍ പത്മവിഭൂഷണ്‍ ഹരിപ്രസാദ് ചൗരസ്യയും. അമ്മ കൃഷ്ണവേണി വയലിന്‍ വായിക്കുന്നതു കേട്ട് പിച്ച വച്ച ഗംഗയ്ക്ക് ആ അര്‍ഥത്തില്‍ വയലിന്‍ ചോരയില്‍ തന്നെ ലഭിക്കുകയായിരുന്നു.
തന്റെ സംഗീത സഞ്ചാരങ്ങളുടെ വഴിയില്‍ ഓസ്‌ട്രേലിയയും സിഡ്‌നിയും കൂടി ഉള്‍പ്പെടുത്തിയിരിക്കുകയാണ് ഗംഗ. ഇന്നു വൈകുന്നേരം അഞ്ചിന് ബ്ലാക്ക് ടൗണ്‍ കാംപ്ബല്‍ സ്ട്രീറ്റിലെ ബൗമാന്‍ ഹാളിലാണ് ഗംഗക്കുട്ടിയുടെ സംഗീത മഴ പെയ്തിറങ്ങുക.

