ഗഗന്‍യാന്‍ ദൗത്യത്തില്‍ മുന്നോട്ട്, എന്താണ് ഇന്നു നടന്ന എയര്‍ ഡ്രോപ്പ് ടെസ്റ്റ്, വിജയം എങ്ങനെ

ന്യൂഡല്‍ഹി: വിജയകരമായ ഇന്റഗ്രേറ്റഡ് എയര്‍ ഡ്രോപ്പ് ടെസ്റ്റോടെ ഇന്ത്യയുടെ സ്വപ്‌ന പദ്ധതിയായ ഗഗന്‍യാന്‍ ദൗത്യത്തിന്റെ ഒരു നാഴികക്കല്ല് പൂര്‍ത്തിയാക്കി. ബഹിരാകാശത്തേക്ക് സ്വന്തമായി വികസിപ്പിക്കുന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് മനുഷ്യനെ എത്തിക്കുന്നതാണ് ഗഗന്‍യാന്‍ പദ്ധതി. ഇതിനായു തയാറാക്കുന്ന യാത്രാ പേടകത്തിന്റെ മാതൃക ഹെലികോപ്റ്റര്‍ ഉപയോഗിച്ച് താഴേക്ക് ഇടുന്നതായിരുന്നു പരീക്ഷണം. ഞായറാഴ്ച രാവിലെ ശ്രീഹരിക്കോട്ടയിലാണ് ഈ പരീക്ഷണം വിജയകരമായി നിര്‍വഹിക്കാനായത്. ചിനൂക്ക് ഹെലികോപ്റ്റര്‍ ഉപയോഗിച്ച് ഗഗന്‍യാന്‍ ക്രൂമൊഡ്യുളിനെ നാലു കിലോമീറ്റര്‍ ഉയരത്തില്‍ നിന്നു താഴേക്ക് പതിക്കാന്‍ അനുവദിക്കുകയാണ് പരീക്ഷണത്തില്‍ ചെയ്തത്. ഇതോടെ പേടകം കടലില്‍ പ്രതീക്ഷിച്ച അതേ രീതിയില്‍ തന്നെ ഇറങ്ങുന്നുവെന്ന് ഉറപ്പാക്കാനായി. പാരച്യൂട്ടുകളുടെ പ്രവര്‍ത്തനക്ഷമതയാണ് ഇതിലൂടെ വിലയിരുത്തപ്പെട്ടത്.
ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം (ഐഎസ്ആര്‍ഒ), നാവികസേന, വ്യോമസേന എന്നിവര്‍ സംയുക്തമായാണ് ഈ പരീക്ഷണം നടത്തിയത്. നേരത്തെ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷണമായിരുന്നു ഇതെങ്കിലും കാലാവസ്ഥ അനുകൂലമല്ലാതിരുന്നതിനാല്‍ മാറ്റിവയ്ക്കുകയായിരുന്നു. പരീക്ഷണത്തില്‍ ഗഗന്‍യാന്‍ യാത്രികരെ വഹിക്കുന്ന പേടകത്തിന്റെ അതേ തൂക്കമായ 4500 കിലോഗ്രാം ഭാരമുള്ള പേടകമാണ് കടലിലേക്കിറക്കാന്‍ ഉപയോഗിച്ചത്. ഗഗന്‍യാന്‍ ദൗത്യം ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കാനാണ് ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ ആലോചന. ബഹിരാകാശ യാത്ര കഴിഞ്ഞെത്തിയ ശുഭാംശു ശുക്ല, ഗ്രൂപ്പ് കാപ്റ്റന്‍ പ്രശാന്ത് ബി നായര്‍ എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ വിജയകരമായ പരീക്ഷണത്തിന്റെ കാര്യം വെളിപ്പെടുത്തിയത്.