അമേരിക്കന്‍ പയ്യന്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തില്‍ ചെയ്തത് എന്തെന്നറിയാമോ

സ്വാതന്ത്ര്യദിനമായ വെള്ളിയാഴ്ച ഇന്ത്യയില്‍ ഏറ്റവും ട്രെന്‍ഡിങ്ങായ ഇന്‍സ്റ്റഗ്രാം വീഡിയോകളിലൊന്ന് നമ്മെ ഞെട്ടിക്കും. അമേരിക്കയില്‍ ജനിച്ച് അമേരിക്കയില്‍ വളര്‍ന്നൊരു സായിപ്പുബാലന്‍ ഇന്ത്യന്‍ ദേശീയ ഗാനമായ ജനഗണമന പാടുന്ന വീഡിയോ ആണത്. ഇന്ത്യക്കാരാരും പഠിപ്പിച്ചതല്ല, പല രാജ്യങ്ങളുടെ ദേശീയ ഗാനങ്ങള്‍ പഠിക്കുന്നതിനിടെ ഗേബ് മെറിറ്റ് എന്നു പേരുള്ള ബാലന്‍ ജനഗണമനയും പഠിച്ചു പോകുകയായിരുന്നു. എന്നാല്‍ ഈ പതിനേഴുകാരന് ഏറ്റവും ഇഷ്ടപ്പെട്ട ദേശീയ ഗാനം ഇന്ത്യയുടേതാണെന്ന് പറയുന്നു. ദിശ പന്‍സൂരിയ എന്ന ഇന്ത്യന്‍ വംശജ അമേരിക്കയില്‍ വച്ച് ഇതു കേള്‍ക്കാനിടയായപ്പോള്‍ വീഡിയോയെടുത്ത് ഇന്‍സ്റ്റയിലിടുകയായിരുന്നു.
അമേരിക്കന്‍ ഇംഗ്ലീഷിന്റെ ഉച്ചാരണം മാത്രം ശീലിച്ചു പോന്ന പയ്യന് നമ്മുടെ പല വാക്കുകളും തീരെ വഴങ്ങുന്നതല്ല. എന്നാലും കക്ഷി തന്നാലാവും വിധം ഗംഭീരമായി ആലപിച്ചിട്ടുണ്ട്. പലയിടത്തും നാക്കുളുക്കി പോകുന്നത് മനസിലാകും. എന്നാലെന്ത് ഇഴുകിച്ചേര്‍ന്നാണ് ആലാപനം. അമേരിക്കക്കാരനായ പതിനേഴുകാരന്‍ ഇന്ത്യന്‍ ദേശീയഗാനം പാടുമ്പോള്‍ നിങ്ങള്‍ക്ക് അഭിമാനം തോന്നും എന്ന കുറിപ്പോടെയാണ് ദിശ ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഒരു ദിവസം കൊണ്ട് അറുപതിനായിരത്തിലധികം ആള്‍ക്കാരാണ് ഈ വീഡിയോ കണ്ടത്.