തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. ഇത്തവണ തിരുവനന്തപുരത്താണ് രോഗബാധ കണ്ടെത്തിയിരിക്കുന്നത്. സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന നാല്‍പത്തഞ്ചാമത്തെ അമീബിക് എന്‍സഫലൈറ്റിസ് രോഗബാധയാണിത്. തിരുവനന്തപുരം പൂവാര്‍ സ്വദേശിയായ പതിനേഴുകാരനാണ് ഇക്കുറി രോഗബാധയേറ്റിരിക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്.
ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ നീന്തല്‍ കുളത്തില്‍ മുങ്ങിക്കുളിച്ചതായി രോഗിയുടെ ബന്ധുക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് നീന്തല്‍ക്കുളം അടച്ചു പൂട്ടിയിട്ടുണ്ട്. ഇവിടെ നിന്നു വെള്ളത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഓഗസ്റ്റ് പതിനാറിനായിരുന്നു ആക്കുത്ത് യുവാവ് കുളിക്കാനിറങ്ങുന്നത്. അതിനടുത്ത ദിവസം മുതല്‍ പനിയും തലവേദനയും തുടങ്ങി. അതേ തുടര്‍ന്ന് രണ്ടു സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുകയുണ്ടായി. എന്നാല്‍ ഫലമുണ്ടാകാത്തതിനെ തുടര്‍ന്ന് കൂടുതല്‍ പരിശോധനകള്‍ നടത്തിയപ്പോഴാണ് അമീബിക് മെനിഞ്ചോ എന്‍സഫലൈറ്റിസ് സ്ഥിരീകരിക്കുന്നത്.
കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുങ്ങിക്കുളിക്കുന്നവര്‍ക്ക് അപൂര്‍വമായി ഉണ്ടാകുന്ന രോഗമാണ് അമീബിക് മെനിഞ്ചോ എന്‍സഫലൈറ്റിസ് അഥവാ അമീബിക് മസ്തിഷ്‌കജ്വരം. വെള്ളത്തിന്റെ അടിത്തട്ടില്‍ കാണപ്പെടാറുള്ള ഏതാനും ഇനം അമീബകള്‍ എന്ന സൂക്ഷ്മജീവികള്‍ കുളിക്കുന്നവരുടെ മൂക്കിനെയും മസ്തിഷ്‌കത്തെയും വേര്‍തിരിക്കുന്ന നേര്‍ത്ത സ്തരത്തിലെ സുഷിരങ്ങളില്‍ കൂടിയോ ചെവിക്കുള്ളിലെ നേര്‍ത്ത പടലത്തിലെ സൂക്ഷ്മസുഷിരങ്ങളില്‍ കൂടിയോ തലച്ചോറിലേക്ക് പ്രവേശിപ്പിച്ച് അവിടെയുണ്ടാക്കുന്ന രോഗബാധയാണ് അമീബിക് മസ്തിഷ്‌ക ജ്വരം. രോഗബാധിതരില്‍ 97 ശതമാനവും മരണം ഉറപ്പാണെങ്കിലും കേരളം ആ നിലയിലെത്തതെ നോക്കിപ്പോരുന്നുണ്ട്.
വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം, ഇക്കുറി തിരുവനന്തപുരത്ത് ആക്കുളത്തു കുളിച്ചയാള്‍ക്ക്
