ഫ്രഞ്ച് യുവതി മുണ്ഡന നേര്‍ച്ചയ്ക്ക് തൃക്കുഴിയൂരില്‍

കൊല്ലം: ഫ്രാന്‍സിലിരുന്ന് മനസാ നേര്‍ച്ച നേര്‍ന്ന് വിശ്വാസത്തോടെ പ്രാര്‍ഥിച്ചത് ഫലം കണ്ടതിന്റെ നന്ദിയുമായി ഫ്രഞ്ച് യുവതി കൊട്ടാരക്കര വിലങ്ങറ തൃക്കുഴിയൂര്‍ ക്ഷേത്രത്തിലെത്തി തല മുണ്ഡനം ചെയ്തു കാവടിയെടുത്തു. യുവതിയുടെ പേര് സൂഫിനേന. ഭര്‍ത്താവുമൊത്താണ് ഇവര്‍ കൊട്ടാരക്കരയ്ക്കടുത്തുള്ള ക്ഷേത്രത്തിലെത്തിയതും വഴിപാടായി തല പൂര്‍ണമായി ക്ഷൗരം ചെയ്തതും കാവടിയെത്തതും. ഇന്നലെയായിരുന്നു ഇവരുടെ ക്ഷേത്ര സന്ദര്‍ശനം.
അര്‍ബുദ ബാധയെത്തുടര്‍ന്ന് ഫ്രാന്‍സില്‍ ചികിത്സയിലായിരിക്കുമ്പോഴാണ് അവിടുത്തെ മലയാളികള്‍ മുഖേന തൃക്കുഴിയൂര്‍ ക്ഷേത്രത്തെപ്പറ്റിയറിയുന്നത്. ഈ ക്ഷേത്രത്തില്‍ തലമുണ്ഡന വഴിപാട് നേര്‍ന്നാല്‍ ഫലം ചെയ്യുമെന്ന് അവര്‍ മുഖേനയറിഞ്ഞ സൂഫിനേന മനസാ വഴിപാട് നേര്‍ന്ന് പ്രാര്‍ഥന ആരംഭിക്കുകയായിരുന്നു. വിശ്വാസം ശരിയായാലും ഇല്ലെങ്കിലും ഇവരുടെ രോഗം പൂര്‍ണമായി മാറി. ഇതില്‍ അടക്കാനാവാത്ത സന്തോഷത്തിലായിരുന്നു സൂഫിനേനയെന്ന് ഭര്‍ത്താവ് പറയുന്നു.
അതിനു ശേഷം ഏറ്റവുമടുത്ത സമയം നോക്കി കേരളത്തിലെത്തിയിരിക്കുകയാണ്. ആദ്യം എറണാകുളത്താണെത്തുന്നത്. അവിടെ വച്ച് ട്രാവല്‍ ഏജന്‍സിയുടെ സഹായത്തോടെ കൊട്ടാരക്കരയിലേക്ക് വാഹനം ക്രമീകരിച്ച് ഇന്നലെ ക്ഷേത്രത്തിലെത്തുകയായിരുന്നു. ക്ഷേത്രത്തിന്റെ കവാടം കടക്കുമ്പോള്‍ തോളൊപ്പം സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ പോലെ കറുപ്പും വെളുപ്പും ഇടകലര്‍ന്ന മുടിയുണ്ടായിരുന്നതാണ്. തിരിച്ചിറങ്ങുമ്പോള്‍ ഒരൊറ്റ മുടിയുടെ കുറ്റിപോലുമില്ലാതെ ക്ലീനായി ഷേവ് ചെയ്തിരുന്നു. നെറുകമേല്‍ കളഭവും ചാര്‍ത്തിയിരിക്കുന്നു.
ക്ഷേത്രത്തിനുള്ളില്‍ കടന്ന സൂഫിനേന മൂന്നു തവണ വലംവയ്ക്കുകയും ശ്രീകോവിലിനു മുന്നില്‍ നിന്നു തൊഴുകയും ചെയ്തു. തുടര്‍ന്ന് മേല്‍ശാന്തിക്ക് ദക്ഷിണ നല്‍കി പ്രസാദം സ്വീകരിച്ചു. ക്ഷേത്രഭാരവാഹികള്‍ സുബ്രമണ്യന്റെ ചെറുവിഗ്രഹം ദമ്പതിമാര്‍ക്കു സമ്മാനിച്ചു.