മക്രോണിനെതിരേ ഫ്രാന്‍സ് നാളെ തെരുവിലിറങ്ങുന്നു, 250 റാലികള്‍, എട്ടുലക്ഷം ജനങ്ങള്‍

പാരിസ്: നാളെ ഫ്രഞ്ച് ജനത പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിനെതിരേ തെരുവിലിറങ്ങുന്നു. എട്ടുലക്ഷം പേരെ വിവിധ റാലികളിലായി പ്രസിഡന്റിനെതിരേ നിരത്തിലിറക്കാനാണ് ട്രേഡ് യൂണിയനുകളും വിവിധ പൗരസംഘടനകളും ചേര്‍ന്ന് തീരുമാനിച്ചിരിക്കുന്നത്. ഈ പ്രകടനങ്ങള്‍ ഏതു നിലവാരത്തിലേക്കായിരിക്കും പോകുക എന്നതില്‍ ഭീതിയുണര്‍ത്തുന്നതാണ് ഇതിന് നല്‍കിയിരിക്കുന്ന പേരു പോലും -ഹൊറര്‍ ഷോ.
റോഡ്, റെയില്‍ വിമാന ഗതാഗതങ്ങള്‍ അപ്പാടെ സ്തംഭിക്കുന്ന അവസ്ഥ സൃഷ്ടിക്കുമെന്നാണ് കരുതപ്പെടുന്നത്. പുതിയ പ്രധാനമന്ത്രിയായി തന്റെ അടുത്ത അനുയായി സെബാസ്റ്റ്യന്‍ ലെക്കോര്‍ണുവിനെ പ്രസിഡന്റ് മക്രോണ്‍ പ്രഖ്യാപിച്ചതാണ് കടുത്ത ജനരോഷം വിളിച്ചു വരുത്തിയിരിക്കുന്നത്. ഏറെ നാളുകളായി ഫ്രാന്‍സില്‍ രൂപപ്പെട്ടിരിക്കുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ശ്രമമെന്ന നിലയിലാണ് ലെക്കോര്‍ണുവിനെ പ്രധാനമന്ത്രിയാക്കാന്‍ മക്രോണ്‍ തീരുമാനിച്ചതെങ്കിലും അത് ഉദ്ദേശിച്ചതിനു വിപരീതമായ ഫലമുളവാക്കുന്നുവെന്നാണ് തെളിയുന്നത്. ലെക്കോര്‍ണുവിന്റെ മുന്‍ഗാമിയായി പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഫ്രാന്‍കോയ്‌സ് ബയ്‌റൗ പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കുന്നതില്‍ പരാജയപ്പെട്ടതിനു പിന്നാലെ രാജിവച്ച് പുറത്തുപോകുകയായിരുന്നു. ഫ്രാന്‍സിന്റെ വര്‍ധിച്ചുവരുന്ന കടപ്രതിസന്ധി പരിഹരിക്കുന്നതിനായി ചെലവുചുരുക്കല്‍ ബജറ്റ് അവതരിപ്പിക്കാന്‍ ശ്രമിച്ചതാണ് അദ്ദേഹത്തിനു വിനയായി ഭവിച്ചത്.
കഴിഞ്ഞയാഴ്ചയില്‍ മക്രോണിനെതിരേ രാജ്യമെമ്പാടും നടന്ന പ്രതിഷേധ റാലികളില്‍ രണ്ടു ലക്ഷം ആള്‍ക്കാര്‍ പങ്കെടുത്തുവെന്നാണ് കണക്കാക്കുന്നത്. കടം കുന്നുകൂടിയ സാഹചര്യത്തില്‍ ഫ്രാന്‍സില്‍ ജീവിതച്ചെലവ് നിയന്ത്രണം വിട്ട് ഉയര്‍ന്നതാണ് ആള്‍ക്കാരെ കൂടുതല്‍ പ്രകോപിതരാക്കിയിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 250 റാലികളാണ് നടത്തുമെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചിരിക്കുന്നത്.