ന്യൂഡല്‍ഹി: വിദേശത്തു കുട്ടികളെ അയച്ചു പഠിപ്പിക്കുന്നത് നാടൊട്ടുക്ക് പുതിയ ട്രെന്‍ഡായി മാറുമ്പോള്‍ ഈയിനത്തിലുള്ള അതിഭീമമായ മൂലധന ചോര്‍ച്ചയുടെ കണക്ക് റിസര്‍വ് ബാങ്കില്‍ നിന്നു പുറത്തു വന്നു. ഒരു വിവരാവകാശ ചോദ്യത്തിനുള്ള ഉത്തരമായാണ് ഈ വിവരം പ്രമുഖ മാധ്യമമായ ഇന്ത്യാടുഡേയ്ക്കു ലഭിച്ചത്.
കഴിഞ്ഞ പത്തു വര്‍ഷം കൊണ്ട് ഇന്ത്യക്കാര്‍ തങ്ങളുടെ മക്കളെ വിദേശത്തയച്ച് പഠിപ്പിക്കുന്നതിനു വേണ്ടി ചെലവഴിച്ചത് 1.76 ലക്ഷം കോടി രൂപ. രാജ്യത്ത് അറുപതിലധികം പുതിയ ഐഐടികള്‍ ആരംഭിക്കുന്നതിനു വേണ്ട തുകയിലുമധികമാണിത്. പത്തു വര്‍ഷം മുമ്പ് വിദേശ വിദ്യാഭ്യാസത്തിനായി ഇന്ത്യക്കാര്‍ മുടക്കിയിരുന്നത് 2429 കോടി രൂപയായിരുന്നെങ്കില്‍ 2023-24ല്‍ മാത്രം ഈയിനത്തില്‍ 29000 കോടി രൂപ വിദേശത്തേക്കയച്ചു. അതിനു തലേവര്‍ഷവും ഈയിനത്തിലുള്ള ചെലവ് ഏറക്കുറേ ഇത്രയും തന്നെയായിരുന്നു. കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ വിദേശ വിദ്യാഭ്യാസത്തിനു ചെലവഴിക്കുന്ന പണത്തിന് അതിനു മുമ്പുള്ള പത്തുവര്‍ഷത്തേക്കാള്‍ അധികമായി വന്ന വളര്‍ച്ച 1200 ശതമാനത്തിന്റെയാണ്. എന്നാല്‍ ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിദേശ വിദ്യാഭ്യാസത്തിനു ചെലവായ തുകയില്‍ അതിനു മുമ്പത്തെ സാമ്പത്തിക വര്‍ഷത്തെക്കാള്‍ കുറവു വന്നിട്ടുണ്ട്. ഇതിനു കാരണം മാതാപിതാക്കളുടെ താല്‍പര്യക്കുറവല്ല, അതതു രാജ്യങ്ങളുടെ താല്‍പര്യക്കുറവാണ്. ഏറ്റവും കൂടുതല്‍ പേര്‍ പോകാനാഗ്രഹിക്കുന്ന രാജ്യങ്ങളെല്ലാം നടപടിക്രമങ്ങള്‍ കടുപ്പിക്കുകയും സീറ്റെണ്ണം കുറയ്ക്കുകയും ചെയ്തിരുന്നു.
2023ലാണ് ഏറ്റവും കൂടുതല്‍ വിദേശ പഠനത്തിനു പോയത്. 8.92 ലക്ഷം. ഈ സാമ്പത്തിക വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് ആകെ അനുവദിച്ചിരിക്കുന്ന ബജറ്റ് വകയിരുത്തല്‍ 50078 കോടി രൂപയാണെങ്കില്‍ അതിന്റെ പകുതിയലധികം തുക കഴിഞ്ഞ ഒരു വര്‍ഷം വിദേശ വിദ്യാഭ്യാസത്തിനായി ഇന്ത്യക്കാര്‍ സ്വന്തം പോക്കറ്റില്‍ നിന്നു ചെലവഴിക്കുകയുണ്ടായി.
1.76 ലക്ഷം കോടി മുടക്കി വിദേശ പഠനം
