ചെന്നൈ: അമേരിക്കന്‍ കാര്‍ നിര്‍മാതാക്കളായ ഫോര്‍ഡ് ഇന്ത്യ വിടുന്നതിനുള്ള തീരുമാനം പുനപരിശോധിക്കുന്നതായി ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. തമിഴ്‌നാട്ടില്‍ ചെന്നൈയ്ക്കടുത്ത് മറമലൈ നഗറിലായിരുന്നു ഫോര്‍ഡിന്റെ കാര്‍ ഫാക്ടറി. നാലു വര്‍ഷം മുമ്പാണ് ഈ ഫാക്ടറി പൂട്ടിപ്പോകുന്നത്. എന്നാല്‍ അന്നു മുതല്‍ തമിഴ്‌നാട് സര്‍ക്കാരും ഫോര്‍ഡ് കമ്പനിയുമായി തീരുമാനം പുനപരിശോധിക്കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിപ്പോരുകയായിരുന്നു.
ഫാക്ടറി വീണ്ടും തുറക്കുന്നതിനും ഇതില്‍ മൂവായിരത്തിലധികം കോടി രൂപയുടെ നിക്ഷേപം വീണ്ടും നടത്തുന്നതിനുമാണ് ഫോര്‍ഡിന്റെ തീരുമാനം എന്നാണ് സാമ്പത്തിക, ബിസിനസ് മേഖലയിലെ ആധികാരിക പ്രസിദ്ധീകരണമായ ബ്ലൂംബര്‍ഗ് പറയുന്നത്. ഈ ഫാക്ടറിയില്‍ നിന്ന് വര്‍ഷം തോറും രണ്ടു ലക്ഷം വാഹന എന്‍ജിനുകള്‍ പുറത്തിറക്കാനാണ് ഇപ്പോള്‍ ആലോചിക്കുന്നത്.
ഇന്ത്യയിലെ ആഭ്യന്തര വിപണിയില്‍ കാര്‍ നിര്‍മാണം പുനരാരംഭിക്കുന്നതിനു പുറമെ മറ്റു വിവിധ രാജ്യങ്ങളിലെ ഫാക്ടറികളിലേക്കു വേണ്ടിയുള്ള കാര്‍ എന്‍ജിനുകളും ഇവിടെ ഉല്‍പാദിപ്പിക്കാനാണ് ഫോര്‍ഡ് ഇപ്പോള്‍ ആലോചിക്കുന്നത്. ഇതും സംബന്ധിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കമ്പനിയുടെ പ്ര്ഖ്യാപനം വരുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് പ്രതികരിക്കാന്‍ ഇതുവരെ ഫോര്‍ഡ് തയാറായിട്ടില്ല.

