വിദേശ ഫണ്ടുകള്‍ ഒഴുകിയെത്തി, നിഫ്റ്റിയിലും സെന്‍സക്‌സിലും ഇന്ത്യയ്ക്ക് മികച്ച നേട്ടം

കൊച്ചി: ഏതാനും ആഴ്ചകളിലെ ഇടവേളയ്ക്കു ശേഷം വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ വീണ്ടും ഇന്ത്യന്‍ ഓഹരി വിപണിയില്‍ സജീവമായി. ഇതിന്റെ ബലത്തിലാണ് മൂന്നു മാസത്തെ ഏറ്റവും മികച്ച നേട്ടവുമായയി കഴിഞ്ഞരണ്ടു ദിവസമായി മുഖ്യസൂചികകള്‍ മുന്നേറിയത്. ലോകമൊട്ടാകെയുള്ള സാമ്പത്തിക മേഖലകള്‍ അതിരൂക്ഷമായ അനിശ്ചിതത്വത്തിലൂടെ നീങ്ങുമ്പോഴും ഇന്ത്യ മികച്ച വളര്‍ച്ച നേടിയതിനു കാരണം ഇതാണെന്നു വിലയിരുത്തപ്പെടുന്നു. ഫാര്‍മ, ബാങ്കിങ് മേഖലയിലാണ് ഏറ്റവും കരുത്തുറ്റ മുന്നേറ്റം ദൃശ്യമായത്. ഇതോടെ ഇന്ത്യന്‍ രൂപയും ചെറിയ തോതിലെങ്കിലും മെച്ചപ്പെട്ട നിലയിലേക്ക് നീങ്ങുകയാണ്. ഡോളറിനെതിരേ ഇന്ത്യന്‍ രൂപ പത്തു പൈസയുടെ മെച്ചമാണ് ഇന്നലെ ഒരു ദിവസം കൊണ്ടു നേടിയത്. ബോംബെ ഓഹരി സൂചികയായ സെന്‍സക്‌സ് ഉയര്‍ന്നത് 329 പോയിന്റാണ്. ദേശീയ സൂചികയായ നിഫ്റ്റി 103.55 പോയിന്റ് ഉയര്‍ന്ന് 25,285.35ല്‍ അവസാനിച്ചു. കഴിഞ്ഞ ഒരാഴ്ച രണ്ടായിരം കോടി രൂപയുടെ വിദേശ നിക്ഷേപമാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഉണ്ടായിരിക്കുന്നത്.