ഫ്‌ളോറിഡ: ബീച്ചില്‍ ആറുമാസം പ്രായം മാത്രമുള്ള കുഞ്ഞിനെ തനിച്ചാക്കി നടക്കാന്‍ പോയ മാതാപിതാക്കളെ അമേരിക്കന്‍ പോലീസ് അറസ്റ്റു ചെയ്തു. അമേരിക്കന്‍ ഹെല്‍ത്ത് കെയര്‍ വിഭാഗത്തില്‍ ഉദ്യോഗസ്ഥയായ സാറാ സോമേഴ്‌സ്, ഭര്‍ത്താവ് ബ്രയാന്‍ വില്‍കിസ് എന്നിവരാണ് ശിശു നീതി നിയമപ്രകാരം അറസ്റ്റിലായത്. ഏതാനും ദിവസം മുമ്പ് മൂന്നു കുട്ടികളുമായി ഇവര്‍ മിറാമര്‍ ബീച്ചില്‍ അവധിക്കാലം ആഘോഷിക്കാനെത്തിയതായിരുന്നു.
ബീച്ചിലെ ടെന്റിനുള്ളില്‍ ആറുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ തനിച്ചു കിടത്തിയ ശേഷം മറ്റു രണ്ടു കുട്ടികളെയും കൂട്ടി ഇവര്‍ നടക്കാനിറങ്ങുകയായിരുന്നു. ഏകദേശം ഒരു മണിക്കൂറിലധികം കഴിഞ്ഞാണ് ഇവര്‍ തിരിച്ചെത്തുന്നത്. ഇതിനിടെ കുഞ്ഞ് തനിച്ചു കിടക്കുകയാണെന്നു കണ്ട നാട്ടുകാരാണ് വിവരം പോലീസില്‍ അറിയിച്ചത്. പോലീസ് ഉടന്‍ തന്നെ സ്ഥലത്ത് പാഞ്ഞെത്തിയെങ്കിലും മാതാപിതാക്കളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇവര്‍ തിരിച്ചു വരാനായി കാത്തിരുന്ന പോലീസ് ഇവര്‍ എത്തിയ ഉടന്‍ അറസ്റ്റു ചെയ്യുകയായിരുന്നു. ടെക്‌സാസില്‍ നിന്ന് മറ്റു ബന്ധുക്കള്‍ എത്തുന്നതുവരെ മൂന്നു കുട്ടികളെയും പോലീസ് ഏറ്റെടുത്ത് സ്ഥലത്തെ സംരക്ഷണ കേന്ദ്രത്തില്‍ ഏല്‍പിച്ചു. അതിനു ശേഷമാണ് അറസ്റ്റിലായ ദമ്പതികളുമായി തുടര്‍ നടപടികള്‍ക്കായി സ്ഥലത്തു നിന്നു നീങ്ങിയത്.
കുട്ടികള്‍ക്കൊപ്പം നടക്കുന്നതിനിടെ സമയം പോയത് അറിഞ്ഞില്ലെന്നാണ മാതാപിതാക്കളുടെ വാദം. അറസ്റ്റ് ചെയ്ത് ലോക്കപ്പിലാക്കിയ ദമ്പതിമാരില്‍ നിന്ന് ആയിരം ഡോളര്‍ പിഴ ഈടാക്കിയ ശേഷമാണ് ഇവരെ വിട്ടയച്ചത്. കുഞ്ഞുങ്ങള്‍ക്ക് നീതിയും സംരക്ഷണവും ഉറപ്പാക്കാത്തത് അമേരിക്കയില്‍ ഏറെ ഗൗരവമുള്ള കുറ്റകൃത്യമായാണ് കണക്കാക്കുന്നത്.

