ഭവനക്ഷാമത്തിനും നിര്‍മാണത്തിലെ കാലതാമസത്തിനും പരിഹാരമായി ഫ്‌ളാറ്റ് പായ്ക്ക് ഹൗസുകള്‍ക്ക് സാധ്യത

സിഡ്‌നി: ഓസ്‌ട്രേലിയയിലെ ഭവനക്ഷാമം രൂക്ഷമായി തുടരവേ, പരമ്പരാഗത വീടുനിര്‍മാണ രീതികളില്‍ നിന്നു മാറിച്ചിന്തിക്കുക മാത്രമാണ് പ്രശ്‌നപരിഹാരത്തിനുള്ള മാര്‍ഗമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. പൊതുവേ പിന്തുടര്‍ന്നു പോരുന്ന പരമ്പരാഗത നിര്‍മാണ രീതികളില്‍ ഒരു വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ മാസങ്ങളെടുക്കുകയും നിരവധി അനുബന്ധ പ്രശ്‌നങ്ങള്‍ക്കു കാരണമാകുകയും ചെയ്യുമ്പോള്‍ ഫ്‌ളാറ്റ് പായ്ക്ക് ഹൗസിങ് എന്ന ആശയമാണ് ഈ മേഖലയുമായി ബന്ധപ്പെട്ടവര്‍ മുന്നോട്ടുവയ്ക്കുന്നത്.
പല ഘടകങ്ങള്‍ തമ്മില്‍ കൂട്ടിച്ചേര്‍ത്ത് ഫര്‍ണിച്ചര്‍ നിര്‍മിക്കുന്ന രീതിയില്‍ വീടു നിര്‍മിക്കുന്നതിനാവശ്യമായ മുഴുവന്‍ സാധനങ്ങളും മുന്‍കൂട്ടി നിര്‍മിച്ച് ആവശ്യമായ സ്ഥലത്തെത്തിച്ച് പരസ്പരം കൂട്ടിയോജിപ്പിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഒരു വിടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഈ രീതിയിലൂടെ സാധിക്കുമെന്നാണ് ഇതുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. കിറ്റ് ഓഫ് പാര്‍ട്‌സ് കണ്‍സ്ട്രക്ഷന്‍ എന്നും ഈ രീതിയെ വിളിച്ചുവരുന്നു. പല ഭാഗങ്ങള്‍ ഓരോരോ കിറ്റുകളിലായി കൊണ്ടുവരുന്നു എന്ന അര്‍ഥത്തിലാണ് ഈ പേരു കിട്ടിയിരിക്കുന്നത്.

വീടു നിര്‍മാണ മേഖലയിലെ ഇന്നത്തെ പ്രതിസന്ധിക്കു കാരണം പരിഹാരമാര്‍ഗങ്ങളുടെ അഭാവമല്ല, നിര്‍മാണ മേഖലയില്‍ പുതിയ സങ്കേതങ്ങള്‍ കണ്ടെത്താനുള്ള വൈമുഖ്യമാണെന്ന അഭിപ്രായം പങ്കുവയ്ക്കുന്നത് വര്‍ഷങ്ങളായി ഫ്‌ളാറ്റ് പായ്ക്ക് ഹൗസിങ്ങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ ടിംബര്‍ ടെക്‌നോളജി എന്ന കമ്പനിയുടെ സിഇഓ പീറ്റ് മോറിസനാണ്. വീടുനിര്‍മാണ രംഗം പുതിയ സങ്കേതങ്ങളിലേക്ക് വികസിക്കാത്തതാണ് ഓസ്‌ട്രേലിയയിലെ പ്രശ്‌നം. സാങ്കേതിക വിദ്യകള്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ അവയൊന്നും പഴയ സമ്പ്രദായങ്ങള്‍ക്കു പകരമായി രംഗപ്രവേശം ചെയ്യുന്നില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഫ്‌ളാറ്റ് പായ്ക്ക് ഹൗസിങ്ങ് വീടു നിര്‍മാണത്തെ ഓരോ സൈറ്റിലും നടക്കുന്ന കാര്യമെന്നതിനു പകരം ഒരൊറ്റ ഫാക്ടറിയില്‍ നടക്കുന്ന കാര്യമാക്കി മാറ്റുന്നു. ഇതുവഴി അതതു പ്രദേശത്ത് നിലനില്‍ക്കുന്ന പല പ്രതികൂല സാഹചര്യങ്ങളെയും മറികടക്കാന്‍ നിര്‍മാതാക്കളെ സഹായിക്കുന്നു. പരിസര മലിനീകരണവും പാഴ്വസ്തുക്കള്‍ കുന്നുകൂടുന്നതിനെയും തടയുന്നു.
ഗ്രീന്‍ ടിംബര്‍ ടെക്‌നോളജിയില്‍ റോബോട്ടിക്‌സിന്റെയും ആധുനിക യന്ത്ര സംവിധാനങ്ങളുടെയും സഹായത്തോടെ വീടുകള്‍ക്കു വേണ്ട തറ, ഭിത്തി, മേല്‍ക്കൂര എന്നിവയെല്ലാം ആദ്യമേ നിര്‍മിക്കുകയാണ്. ഓരോ വീടിന്റെയും പ്ലാനിനും വീട്ടുകാരുടെ സാമ്പത്തിക സ്ഥിതിക്കുമനുസരിച്ച് ഇവയിലെല്ലാം വ്യത്യാസം വരുത്താനും സാധിക്കും. അവസാനം എല്ലാ ഭാഗങ്ങളും ഓരോരോ പെട്ടിയിലാക്കി ഒരൊറ്റ ട്രക്കില്‍ ലോഡ് ചെയ്ത് നിര്‍മാണസ്ഥലത്തെത്തിച്ചു കഴിഞ്ഞാല്‍ ഏതാനും ദിവസങ്ങള്‍ കൊണ്ട് പുതിയൊരു വീട് താമസയോഗ്യമാക്കി മാറ്റിയിരിക്കും. പലരും ബദല്‍ മാര്‍ഗമായി അവതരിപ്പിക്കുന്ന മോഡുലാര്‍ വീടുകള്‍ എന്നതിനെക്കാള്‍ പോലും മെച്ചം കിറ്റ് ഓഫ് പാര്‍ട്‌സ് വീടുകളായിരിക്കുമെന്ന പക്ഷക്കാരനാണ് പീറ്റ് മോറിസണ്‍. മോഡുലാര്‍ വീടുകളില്‍ അനവധി ട്രക്കുകളില്‍ മാത്രമാണ് ഒരു വീടിനെ നിര്‍മാണ സ്ഥലത്തെത്തിക്കാന്‍ കഴിയുന്നത്. ഇതിന്റെ പ്രശ്‌നം അനാവശ്യമായി പൊള്ളയായ അനേകം വസ്തുക്കള്‍ കൊണ്ടുപോകേണ്ടി വരുന്നു എന്നതാണ്. കാരണം എല്ലാ ഭവന ഭാഗങ്ങളും ആദ്യമേ തന്നെ അതിന്റെ അന്തിമരൂപം എങ്ങനെയായിരിക്കുമോ അതുപോലെ നിര്‍മിക്കുകയാണല്ലോ ചെയ്യുന്നത്. എന്നാല്‍ കിറ്റ് ഓഫ് പാര്‍ട്‌സില്‍ ഇങ്ങനെ പെട്ടികള്‍ പോലെ ഭാഗങ്ങള്‍ പണിതിറക്കുന്നില്ല. പകരം അടുക്കിവയ്ക്കാവുന്ന രീതിയിലാണ് ഭാഗങ്ങള്‍ നിര്‍മിക്കുന്നത്. സ്ഥലത്തെത്തിയതിനു ശേഷമാണ് അവയുടെ അന്തിമരൂപത്തിലേക്ക് സംയോജിപ്പിച്ച് എടുക്കുന്നത്. എന്‍എസ്ഡബ്ല്യുവിലെ ഗവണ്‍മെന്റ് പദ്ധതിയായ പാറ്റേണ്‍ ബുക്ക് ഹോംസില്‍ ഫ്‌ളാറ്റ് പായ്ക്ക് ഹൗസിങ് രീതിയാണ് നടപ്പാക്കുന്നതെന്ന് പീറ്റ് മോറിസണ്‍ ചൂണ്ടിക്കാട്ടി.