സിഡ്‌നി: ചെമ്മരിയാടിന്റെ രോമം മുറിക്കുന്നതില്‍ പുതിയ ലോക റെക്കോഡ് സ്ഥാപിച്ച് ഓസ്‌ട്രേലിയയില്‍ നിന്നും ന്യൂസീലാന്‍ഡില്‍ നിന്നുമുള്ള അഞ്ചംഗ സംഘം. എട്ടു മണിക്കൂറിനുള്ളില്‍ 2301 ആടുകളുടെ രോമമാണിവര്‍ ഷേവ് ചെയ്ത് എടുത്തത്. ലോകത്താദ്യമായാണ് ഇത്രയും ആടുകളുടെ രോമം ഇത്ര ചെറിയ സമയത്തിനുള്ളില്‍ ശേഖരിക്കുന്നത്.
ന്യൂസൗത്ത് വെയില്‍സിന്റെ തെക്കന്‍ പ്രദേശമായ മോര്‍വയിലാണ് ഈ സംഭവം. വിവിധ വിഭാഗങ്ങളിലാണ് ആടിന്റെ രോമം മുറിക്കലില്‍ ലോക റെക്കോഡ് കണക്കാക്കുന്നത്. ഇത്തരം ഒരു ഡസനിലധികം വിഭാഗങ്ങളാണ് നിലവിലുള്ളത്. ഏറ്റവും പ്രധാന വിഭാഗങ്ങളില്‍ ഒന്നായ എട്ടു മണിക്കൂര്‍-അഞ്ചു പേര്‍ എന്ന വിഭാഗത്തിലായിരുന്നു ഇവര്‍ മാറ്റുരച്ചത്. ന്യൂസീലാന്‍ഡില്‍ നിന്നുള്ള കാമറൂണ്‍ ഹിക്‌സ്, ബെഞ്ചമിന്‍ ഡങ്കന്‍, ഓസ്‌ട്രേലിയയില്‍ നിന്നുള്ള ലോക്കീ റോബര്‍ട്‌സന്‍, ടോബി വാക്കര്‍, നിക്ക് ലഹ്‌മാന്‍ എന്നിവരായിരുന്നു ടീം അംഗങ്ങള്‍.
ഒരു ആടിനെ ഷേവ് ചെയ്യുന്നതിന് ഇവര്‍ എടുത്ത ശരാശരി സമയം ഒരു മിനിറ്റില്‍ താഴെ മാത്രമായിരുന്നു. ചൂടുള്ള കാലാവസ്ഥയായിരുന്നതിനാല്‍ ആടുകളെ ഷേവ് ചെയ്യുന്നതിന് ഏറ്റവും ദുഷ്‌കരമായ സമയമാണിത്. എങ്കിലും ഇവര്‍ വിജയിച്ചു എന്നതാണ് പ്രധാനപ്പെട്ട കാര്യം.

