അമേരിക്കയില്‍ ആരാധനയ്ക്കിടെ പള്ളിയില്‍ ആക്രമണം, 4 മരണം, 8 പേര്‍ക്ക് പരിക്ക്

മിഷിഗന്‍: അമേരിക്കയിലെ മിഷിഗണില്‍ ഞായറാഴ്ചയിലെ സര്‍വീസിനിടയില്‍ പള്ളിക്കു നേരെ ആക്രമണം, വെടിവയ്പ്. അഞ്ചു പേര്‍ കൊല്ലപ്പെട്ടു, ഒമ്പതു പേര്‍ക്ക് പരിക്കേറ്റു. ഗ്രാന്‍ഡ് ബ്ലാങ്ക് ടൗണ്‍ഷിപ്പിലുള്ള ചര്‍ച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റര്‍-ഡേ സെയിന്റ്‌സ് എന്ന പള്ളിയിലാണ് ട്രക്ക് ആക്രമണവും വെടിവയ്പും നടന്നത്. അക്രമി പള്ളിക്കെട്ടിടത്തിനു തീയിടുകയും ചെയ്തു. തോമസ് ജേക്കബ് സാന്‍ഫോഡ് എന്നു പേരായ അക്രമി പോലീസുമായുള്ള വെടിവയ്പില്‍ കൊല്ലപ്പെടുകയും ചെയ്തു. ട്രക്ക് ഓടിച്ച് സംഭവ സ്ഥലത്തെത്തിയ അക്രമി നേരെ പള്ളിക്കുള്ളിലേക്ക് ട്രക്ക് കയറ്റുകയായിരുന്നു. അതോടെ പരിഭ്രാന്തരായ വിശ്വാസികള്‍ നാലുപാടും ചിതറിയോടുന്നതിനിടെ ഇയാള്‍ തോക്കെടുത്ത് അവര്‍ക്കു നേരേ നിറയൊഴിച്ചു. അതിനു ശേഷം കൈയില്‍ കരുതിയിരുന്നു പെട്രോള്‍ ഏമ്പാടും തളിച്ച ശേഷം പള്ളിക്കെട്ടിടത്തിനു തീയിടുകയും ചെയ്തു. ഇതോടെ പ്രദേശമാകെ പുക നിറഞ്ഞു. വിവരമറിഞ്ഞെത്തിയ പോലീസ് ഉദ്യോഗസ്ഥരാണ് ഇയാളെ വെടിവച്ചു വീഴ്ത്തിയത്.